നടിയെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളുടെ പുനർവിസ്താരത്തിന് അനുമതിയില്ല

നടിയെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളുടെ പുനർവിസ്താരത്തിന് ഹൈക്കോടതി അനുമതി നിഷേധിച്ചു. പ്രോസിക്യൂഷന്‍റെ ആവശ്യം നിരസിച്ച കോടതി അഞ്ച് സാക്ഷികളെ വിസ്തരിക്കാൻ അനുമതി നൽകി. കേസിൽ എട്ട് സാക്ഷികളെ വിസ്തരിക്കാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറക്കിയ ഉത്തരവിലാണ് പുനർവിസ്താരത്തിനുള്ള അനുമതി നിഷേധിച്ചത്. സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിൽ കോടതി കഴിഞ്ഞ ദിവസം ചില സംശയങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും അന്തിമ വിധി പ്രോസിക്യൂഷമന് അനുകൂലമാകുകയായിരുന്നു. കേസിലെ പ്രതിയായ നടൻ ദിലീപ് ഹർജിയെ ശക്തമായി എതിർത്തു. വിചാരണ നടപടികൾ ബോധപൂർവം നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷൻ ശ്രമമെന്ന് ആരോപിച്ചായിരുന്നു ദിലീപിന്‍റെ വാദം.
കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചതിനാൽ 10 ദിവസത്തിനകം പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ നടപടികൾ അനന്തമായി നീണ്ടുപോകാൻ പാടില്ലെന്ന നിരീക്ഷണത്തോടെയാണ് സർക്കാരിന് 10 ദിവസത്തെ സമയം അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകൾ കോടതി വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷന്‍റെ ഹർജിയും ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്.