വധൂവരന്മാരുടെ വീട്ടിലേക്കുള്ള ആംബുലൻസിൽ; ആംബുലൻസ് ഉടമയ്ക്കും ഡൈവർക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തും


കറ്റാനത്തു വിവാഹ ശേഷം ആംബുലൻസിൽ വധൂവരന്മാർ വീട്ടിലേക്കു സൈറൻ മുഴക്കി യാത്ര ചെയ്ത സംഭവത്തിൽ ആംബുലൻസ് ഉടമയ്ക്കും ഡൈവർക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തുമെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ ട്രാൻസ് പോർട്ട് കമ്മീഷണറുടെ നിർദേശ പ്രകാരം മാവേലിക്കര മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്. സുബി, സി.ബി. അജിത് കുമാർ , എംവിഐ ഗുരുദാസൻ എന്നിവരുടെ നേതൃത്വത്തിൽ ആംബുലൻസ് കസ്റ്റഡിയിലെടുത്തു നൂറനാട് പോലീസിനു കൈമാറി. ഉടമയ്ക്കും ഡ്രൈവർക്കും നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് കറ്റാനത്തു നടന്ന ഒരു വിവാഹ ശേഷം വധുവരന്മാർ ആഘോഷ പൂർവം ആംബുലൻസിൽ വരന്‍റെ വീട്ടിലേക്കു യാത്ര ചെയ്തത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ഇതിനു പിന്നാലെ പരാതിയുമായി നിരവധി പേർ രംഗത്തുവന്നു. ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനാണ് പ്രധാനമായും പരാതി ഉയർത്തിയത്. കറ്റാനം വെട്ടിക്കോട് സ്വദേശി മനു വർഗീസിന്‍റെ ഉടമസ്ഥതയിലുള്ള എയ്ഞ്ചൽ ആംബുലൻസാണ് വിവാഹ യാത്രയ്ക്ക് ഉപയോഗിച്ചത്. 

എന്നാൽ, അത്യാഹിത സർവീസിന് ഉപയോഗിക്കുന്ന ആംബുലൻസ് വിവാഹ ആവശ്യത്തിനായി ഉപയോഗിച്ചതിന് എതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപക പ്രതിഷേധവും ഉയർന്നു. കല്യാണ യാത്രയ്ക്ക് ആംബുലൻസ് ഉപയോഗിച്ചതു ശരിയായില്ല എന്ന വിമർശനം ഉയരുകയും പരാതി ലഭിക്കുകയും ചെയ്തതിനെത്തുടർന്നാണ് അത്യാഹിത സർവീസ് ദുരുപയോഗം ചെയ്തതിനെതിരെ നടപടി യുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്. ആശുപത്രി ജീവനക്കാരായതിനാലാണ് ആംബുലൻസ് ഉപയോഗിച്ചതെന്നാണ് കല്യാണ യാത്ര സംബന്ധിച്ചു വരന്‍റെ വിശദീകരണം.

You might also like

Most Viewed