'അയാൾ എനിക്കും മരണം വിധിച്ചിരുന്നു’ ദിലീപിനെതിരെ പ്രമുഖ സംവിധായകൻ

ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചതിന്റെ പേരിൽ ദിലീപിന്റെ അടുത്ത സുഹൃത്തുക്കൾ തന്നെയും കൊല്ലാൻ തീരുമാനിച്ചിരുന്നെന്ന് സംവിധായകൻ ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തൽ. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സംവിധായക നടനാണ് തന്നെ ലോറി കയറ്റി കൊല്ലണമെന്ന് പറഞ്ഞതെന്ന് ആലപ്പി അഷറഫ് വെളിപ്പെടുത്തി. കുട്ടനാടൻ മാർപാപ്പയുടെ ലൊക്കേഷനിൽ വച്ചാണ് ഇക്കാര്യം സംസാരിച്ചത്. ഇത് കേട്ട മറ്റു ചിലർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരുന്നെന്നും അഷറഫ് പറഞ്ഞു. എന്നാൽ അന്ന് ഭീഷണി കാര്യമാക്കിയില്ല. പക്ഷെ ഇന്ന് ഭീഷണിയെ കാര്യമായി തന്നെ കാണുകയാണെന്നും ആലപ്പി അഷറഫ് പറഞ്ഞു.
ആലപ്പി അഷറഫിന്റെ വാക്കുകൾ: ലോറിക്കടിയിൽ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാൾ എനിക്കും വിധിച്ചു.ആലപ്പുഴക്കാരൻ ഹസീബ് നിർമ്മിച്ച 'കുട്ടനാടൻ മാർപാപ്പ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആലപ്പുഴയിൽ വന്നതായിരുന്നു ദിലീപിന്റെ സന്തത സഹചാരിയായ സംവിധായക നടൻ. അയാൾ സെറ്റിലെത്തി അടുത്ത ദിവസം തന്നെ അവിടെ നിന്നും അടുപ്പമുള്ള ചിലർ എന്നെ തുരുതുരാ ഫോണിൽ വിളിച്ച് 'അഷ്‌റഫിക്കാ... സൂക്ഷിക്കണെ.. 'എന്ന്.ഞാനോ... എന്തിന് ...?.ഷൂട്ടിംഗ് സെറ്റിൽ ഇയാളുമായ് ആലപ്പുഴയിലുള്ള ചില സിനിമാ പ്രവർത്തകർ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സംസാരിച്ചുവത്രേ.. നടിക്കൊപ്പമുള്ള എന്റെ നിലപാടുകളെക്കുറിച്ചും ഇടക്ക് ആരോ പരാമർശിച്ചു. എന്റെ പേരു കേട്ടതും അയാൾ ക്ഷുഭിതനായ്.'ആലപ്പി അഷറഫ്, അവനെ ലോറി കേറ്റി കൊല്ലണം'. ഇതായിരുന്നു അയാളുടെ ഭീഷണി. ആ ക്രൂരമായ വാക്കുകൾ കേട്ട് ഒപ്പമിരുന്നവർ ഞെട്ടി. അവരിൽ ചിലരാണ് എന്നെ വിളിച്ചു ഒന്നു സൂക്ഷിക്കാൻ മുന്നറിയിപ്പ് നൽകിയത്. അന്ന് ഞാനതത്ര കാര്യമാക്കിയില്ല ... ഇന്നിപ്പോൾ പക്ഷേ ഭയമില്ലങ്കിലും ഞാനത് കാര്യമായ് തന്നെ കാണുന്നു. ഇതൊക്കെ കേട്ട് പിന്‍തിരിഞ്ഞോടാൻ ചോദ്യം ചെയ്യുന്പോൾ തല കറങ്ങി വീഴുന്ന ഭീരുവല്ല ഞാൻ. ജനിച്ചാൽ എന്നായാലും ഒരിക്കൽ മരിക്കും. മരണം വരെ നീതിക്കായ് അവൾക്കൊപ്പം. ആലപ്പി അഷറഫ്.