ഗൈനക്കോളജി വാർഡിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി

കോട്ടയം മെഡിക്കൽ കോളജിൽനിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയി. പോലീസിന്‍റെ സമയോചിത ഇടപെടലിലൂടെ കുഞ്ഞിനെ തിരികെ ലഭിച്ചു. ആശുപത്രിക്കു പുറത്തുള്ള ഹോട്ടലിൽനിന്ന് കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സ്ത്രീയേയും പോലീസ് കണ്ടെത്തുകയായിരുന്നു. മുണ്ടക്കയം സ്വദേശിനിയുടെ മൂന്നു ദിവസം മാത്രം പ്രായമുള്ള കുട്ടിയെ ആണ് തട്ടിക്കൊണ്ടുപോയത്. നഴ്സിംഗ് അസ്റ്റന്‍റ് എന്ന് പരിചയപ്പെടുത്തി എത്തിയ സ്ത്രീയാണ് കുട്ടിയെ എടുത്തുകൊണ്ടുപോയത്. ഇന്ന് ഉച്ചയോടെ മെഡിക്കൽ കോളജിലെ പ്രസവവാർഡിലായിരുന്നു സംഭവം. കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ കാണിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു കുട്ടിയെ എടുത്തുകൊണ്ടുപോയത്.
ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ അമ്മ നഴ്‌സിംഗ് സ്‌റ്റേഷനിലെത്തി കുട്ടിയെ തിരക്കി. എന്നാൽ നഴ്‌സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്‍റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.പോലീസ് നടത്തിയ തെരച്ചിലിൽ ആശുപത്രി പരിസരത്തെ ഹോട്ടലിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തി. ഇവരിൽനിന്ന് പോലീസ് കുട്ടിയെ തിരികെ വാങ്ങി അമ്മയെ ഏൽപ്പിച്ചു. കുട്ടിയെ തട്ടിയെടുത്ത സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.