അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ചു; രണ്ടു പോലീസ് ജീപ്പുകൾ കത്തിച്ചു


കൊച്ചി

എറണാകുളം കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികൾ പോലീസിനെ ആക്രമിച്ചു. ഇൻസ്പെക്ടറടക്കം അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികളാണ് പോലീസുകാരെ ആക്രമിച്ചത്. ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടതോടെയാണ് ഇവർ പോലീസിന് നേരെ തിരിഞ്ഞത്. അക്രമസക്തരായ അതിഥിത്തൊഴിലാളികൾ രണ്ടു പോലീസ് ജീപ്പുകൾ കത്തിച്ചു. കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

കിഴക്കമ്പലത്ത് പോലീസുകാരെ അതിഥി തൊഴിലാളികള്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജന്‍ വ്യക്തമാക്കി. 1500ലധികം തൊഴിലാളികള്‍ ക്യാംപിലേക്കെത്തുമ്പോള്‍ കമ്പനി അധികൃതര്‍ ഇടപെടേണ്ടതായിരുന്നുവെന്നും, കമ്പനിയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ തന്നെ എല്ലാവരോടും പറഞ്ഞതാണെന്നും, പക്ഷേ കിറ്റെക്‌സ് മാനേജ്‌മെന്‍റ് അതെല്ലാം മൂടിവയ്ക്കാനാണ് ശ്രമിച്ചത് എന്നും പി.വി. ശ്രീനിജന്‍ പറഞ്ഞു.

കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവം യാദൃച്ഛികമാണെന്നും അക്രമികള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ് പറഞ്ഞു. ഇരുവിഭാഗം തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോൾ തടയാനെത്തിയ സുരക്ഷാജീവനക്കാരനെയും അവര്‍ ആക്രമിച്ചുവെന്നും അക്രമം കൈവിട്ടപ്പോഴാണ് പോലീസിനെ വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിഉപയോഗത്തെ മാനേജ്‌മെന്‍റ് പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും, കമ്പനി അടച്ചു പൂട്ടാന്‍ രാഷ്ട്രിയക്കാര്‍ നടത്തുന്ന പ്രചാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആലുവ റൂറൽ എസ്പി കെ. കാർത്തിക്ക് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 150ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed