കോട്ടൂർ‍ ആന ചികിത്സാ കേന്ദ്രത്തിനെതിരെ 105 കോടിയുടെ അഴിമതി ആരോപണം, അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്


എറണാകുളം 

 

കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിനെതിരെ അഴിമതി ആരോപണങ്ങൾ‍ ഉന്നയിച്ച് മൃഗസംഘനയായ അനിമൽ‍ ലീഗൽ‍ ഫോഴ്സ് ഹൈക്കോടതിയിൽ‍. കോട്ടൂരിലെ നവീകരണത്തിന്റെ മറവിൽ‍ 105 കോടിയുടെ അഴിമതി ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. വിഷയത്തിൽ‍ അന്വേഷണം നടത്തി റിപ്പോർ‍ട്ട് നൽ‍കാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.

ജസ്റ്റിസ് അനിൽ‍ കെ നരേന്ദ്രനും പി ജി അജിത് കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അമിക്കസ് ക്യൂറി അഡ്വ. രഘുനാഥനോട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ‍  അന്വേഷണം നടത്തി റിപ്പോർ‍ട്ട് സമർ‍പ്പിക്കാൻ‍ ആവശ്യപ്പെട്ടത്. കോട്ടൂർ‍ പുനരധിവാസ കേന്ദ്രത്തിൽ‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാതെ ക്ഷേത്രത്തിലെ ആന നീലകണ്ഠൻ ചരിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ‍ കോട്ടൂരിൽ‍ സന്പൂർ‍ണ ആന ചികിത്സാ ആശുപത്രി നിർ‍മ്മിക്കാൻ‍ കോടതി ഉത്തരവിട്ടിരുന്നു.

ഇത്തരം ചികിത്സാ കേന്ദ്രത്തിന്റെ നിർ‍മ്മാണം പുരോഗമിക്കുന്നതായി വനംവകുപ്പ് കോടതിയെ അറിയിച്ചിരുന്നു. 2021 മെയ് 31ന് ആശുപത്രി കമ്മീഷൻ ചെയ്ത്, 2021 ജൂൺ 24നാണ് വകുപ്പ് റിപ്പോർ‍ട്ട് സമർ‍പ്പിച്ചത്. എന്നാൽ‍ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ‍ വീണ്ടും രണ്ട് ആനക്കുട്ടികൾ‍ ദുരൂഹ സാഹചര്യത്തിൽ‍ ചരിഞ്ഞിരുന്നു. ഇതിനെത്തുടർ‍ന്ന് വനം വകുപ്പിനെതിരെ ഗുരുതര ആരോഹണങ്ങളാണ് അനിമൽ‍ ലീഗൽ‍ ഫോഴ്‌സ് കോടതിയിൽ‍ ഉന്നയിച്ചത്. കെട്ടിടത്തിന്റെ നിർ‍മ്മാണം പൂർ‍ത്തിയായിട്ടില്ലെന്നും ഇതിന്റെ മറവിൽ‍ വലിയ അഴിമതി നടക്കുന്നുണ്ടെന്നും അവർ‍ ആരോപിച്ചു.

നിലവിലെ ചട്ടങ്ങൾ‍ക്ക് വിരുദ്ധവും കുറ്റകരവുമായ രീതിയിലാണ് കെട്ടിയത്തിന്റെ നിർ‍മ്മാണം നടക്കുന്നതെന്ന് സംഘടന ഹൈക്കോടതിയുടെ ശ്രദ്ധയിൽ‍പ്പെടുത്തി. ടിൻ ഷീറ്റുകൊണ്ടാണ് മേൽ‍ക്കൂര നിർ‍മ്മിച്ചിരിക്കുന്നത്. ആനകളെ ചികിത്സിക്കാൻ വേണ്ട ഒരു സൗകര്യങ്ങളും അവിടെ ഇല്ലെന്ന് ചിത്രങ്ങൾ‍ അടക്കം സമർ‍പ്പിച്ചുകൊണ്ട് സംഘടന കോടതിയിൽ‍ അറിയിച്ചു. ഇതോടെയാണ് ഇക്കാര്യത്തിൽ‍ ഉടൻ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. അന്വേഷണ ഉത്തരവ് വന്നതിന് പിന്നാലെ വെള്ളാനകൾ‍ വിലങ്ങണിയുമെന്ന് അനിമൽ‍ ലീഗൽ‍ ഫോഴ്സ് ജനറൽ‍ സെക്രട്ടറി എംഗൽ‍സ് നായർ‍ പ്രതികരിച്ചു.

You might also like

Most Viewed