ഗുണ്ടാ ലഹരി സംഘങ്ങളെ ഒതുക്കാൻ കേരളത്തിൽ ഓപ്പറേഷൻ കാവൽ - 150 പേർ അറസ്റ്റിൽ
തിരുവനന്തപുരം
സംസ്ഥാനത്തെ ഗുണ്ടാ-ലഹരി മരുന്ന് മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാൻ പോലീസ് ആരംഭിച്ച ഓപ്പറേഷൻ കാവലിൽ 150ഓളം പേർ അറസ്റ്റിലായി. ക്രിമിനൽ കേസുകളിലും ലഹരി മരുന്ന് കേസുകളിലും പ്രതികളായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു സമൂഹത്തിനു ഭീഷണിയായി വന്നിരുന്നവരാണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കരുതൽ തടങ്കലായത്. സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്‍റെ നിർദേശാനുസരണം തിരുവനന്തപുരം റേഞ്ചിൽ ഡിഐജി സഞ്ജയ്കുമാർ ഗുരുഡിൻ നേരിട്ടാണ് ഗുണ്ടാ ലഹരിമരുന്ന് സംഘങ്ങളെ പിടികൂടാൻ മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നായി നൂറോളം പേരെയും മറ്റ് ജില്ലകളിൽനിന്നായി അൻപത് പേരെയുമാണ് അറസ്റ്റ് ചെയ്തത്.
ഗുണ്ടാ ക്രിമിനൽ സംഘങ്ങൾക്കെതിരെ കർശന നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് ഡിഐജി സഞ്ജയ്കുമാർ ഗുരുഡിൻ പറഞ്ഞു. പോത്തൻകോട് കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷൻ കാവൽ എന്ന പേരിൽ പ്രത്യേക ദൗത്യം ആരംഭിച്ചത്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടെ ക്രിമിനൽ കേസുകളിലും ലഹരിമരുന്നു വിൽപ്പന കേസുകളിലും പ്രതികളായി കൊണ്ടിരിക്കുന്നവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് അവരെയും കൂട്ടാളികളുടെയും നീക്കങ്ങൾ മനസിലാക്കിയാണ് പോലീസ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വരുന്നവരുടെ സഹായികളെയും ഇവരുടെ വരുമാന സ്രോതസുകളും പോലീസ് രഹസ്യമായി നിരീക്ഷിച്ചാണ് കരുതൽ തടങ്കലായി അറസ്റ്റുകൾ നടത്തിയിരിക്കുന്നത്. ഓരോ പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ള പഴയ കേസുകളിലെ പ്രതികളുടെ ഇപ്പോഴത്തെ ജീവിത സാഹചര്യം പോലീസിന്‍റെ നിരീക്ഷണത്തിലാണെന്നു ഡിഐജി അറിയിച്ചു.
സബ് ഡിവിഷൻ തലത്തിൽ ഡിവൈഎസ്പിമാർക്കു കർശന നിർദേശമാണ് ഗുണ്ടകളെയും ലഹരിമാഫിയയെയും പിടികൂടാൻ ഡിഐജി നൽകിയിരിക്കുന്ന നിർദേശം. കാര്യക്ഷമമായി പ്രവർത്തിക്കാത്ത ഡിവൈഎസ്പിമാർക്ക് മെമ്മോ ഉൾപ്പെടെയുള്ള നടപടികൾ ആദ്യ ദിനം സ്വീകരിച്ചതോടെയാണ് പല ഉദ്യോഗസ്ഥരും ഉണർന്നു പ്രവർത്തിച്ചു തുടങ്ങിയത്. കാപ്പ നിയമം ചുമത്തിയുള്ള അറസ്റ്റിനുള്ള സാങ്കേതിക തടസ്‌സങ്ങൾ നീക്കാനുള്ള നടപടികളും ജില്ലാ കളക്ടർമാരുമായി ബന്ധപ്പെട്ടു പരിഹരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥ തലത്തിൽ ആരംഭിച്ചിട്ടുണ്ട്
