കൊലക്കേസ് പ്രതിയെ തെരഞ്ഞുപോയ വള്ളം മറിഞ്ഞു; പോലീസുകാരൻ മരിച്ചു
തിരുവനന്തപുരം
പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷിനെ തെരഞ്ഞുപോകുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ പോലീസുകാരൻ മരിച്ചു. എസ്എപി ക്യാമ്പിലെ ബാലു ആണ് മരിച്ചത്. കടയ്ക്കാവൂര്‍ പണയില്‍ക്കടവിലാണ് സംഭവം. വള്ളം മറിഞ്ഞ് ഏകദേശം 45 മിനിട്ടോളം സമയത്തിന് ശേഷമാണ് ബാലുവിനെ കണ്ടെത്താനായത്. രക്ഷപെടുത്തിയപ്പോൾ അവശനിലയിലായ ബാലുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വര്‍ക്കല സിഐയും രണ്ട് പോലീസുകാരും രക്ഷപെട്ടു.
ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു സിഐയും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങിയത്. ഇവര്‍ യാത്രചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു. സിഐയെയും രണ്ട് പോലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചിരുന്നു. എന്നാൽ ബാലുവിനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലിലാണ് ബാലുവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
