ശബരിമലയ്‌ക്ക് ഒരു കോടി രൂപ സംഭാവന നൽകി ഭാരത് ബയോടെക് എംഡി
പത്തനംതിട്ട: ശബരിമലയ്‌ക്ക് ഒരു കോടി രൂപ സംഭാവന നൽകി കൊറോണ വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് എംഡി കൃഷ്ണ എല്ലയും ഭാര്യ സുചിത്രയും. കഴിഞ്ഞ ദിവസം ഇവർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസർ വി. കൃഷ്ണകുമാര വാരിയർക്ക് ഓൺലൈനായി തുക കൈമാറിയത്. അന്നദാനത്തിന് വേണ്ടിയാണ് ഒരു കോടി സംഭാവന ചെയ്തത്.
ശബരിമലയുടെ വികസനത്തിനും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടി എന്തുസഹായങ്ങൾ ചെയ്യാനും തയ്യാറാണെന്ന് ഡോ: കൃഷ്ണ എല്ല തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ അദ്ദേഹത്തെ ഫോണിൽ വിളിച്ച് നന്ദിയറിയിച്ചു.
ക്ഷേത്രദർശനത്തിന് ശേഷം തന്ത്രി കണ്ഠർ മഹേഷ് മോഹനർ, മേൽശാന്തി എൻ പരമേശ്വരൻ നന്പൂതിരി, മാളികപ്പുറം മേൽശാന്തി അതിയിടം കുറുവക്കാട് ശംഭു നന്പൂതിരി എന്നിവരെ സന്ദർശിച്ചാണ് മടങ്ങിയത്.

