പരിഹാരം എന്തെന്ന് പരിശോധിക്കും; റോഡുകളെ വിമർശിച്ച നടൻ ജയസൂര്യക്ക് മറുപടിയുമായി റിയാസ്


തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളെ വിമർശിച്ച നടൻ ജയസൂര്യക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വ്യക്തി പരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും റിയാസ് പ്രതികരിച്ചു. നികുതി നൽകുന്ന ജനങ്ങളുടെ അവകാശമാണ് നല്ല റോഡുകളെന്ന് ജയസൂര്യ പറഞ്ഞിരുന്നു.

കേരളത്തെയും ചിറാപുഞ്ചിയേം തമ്മിൽ‍ താരതമ്യം ചെയ്യുക സാധ്യമല്ല. ചിറാപ്പുഞ്ചിയിൽ‍ ആകെ പതിനായിരം കിലോമീറ്റർ‍ റോഡുകൾ‍ മാത്രമാണുള്ളത്. കേരളത്തിൽ‍ മൂന്നരലക്ഷം കിലോമീറ്റർ‍ റോഡുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. റോഡുകളുടെ മോശം സ്ഥിതിയ്ക്കുള്ള കാരണങ്ങൾ കണ്ടെത്താനുള്ള സാങ്കേതിക വിദ്യകൾ എന്താണെന്ന് പഠിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു നേരത്തെ നടന്‍റെ വിമർശനം. മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയുമെന്ന് ജയസൂര്യ ചോദിച്ചു. നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണമെന്നും, മഴക്കലാത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ‘ചിറാപുഞ്ചിയിൽ’ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു. മഴയാണ് റോഡ് അറ്റകുറ്റപണി യുടെ തടസം എന്ന വാദം ജനങ്ങൾ അറിയേണ്ട കാര്യം ഇല്ലെന്ന് ജയസൂര്യ വിമർശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed