കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ വീണ്ടും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.കഴിഞ്ഞ നവംബറിലാണ് സ്ഥാനം ഒഴിഞ്ഞത്. തുടർന്ന് താൽക്കാലിക ചുമതല എ. വിജയരാഘവന് നൽകുകയായിരുന്നു.
പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന വേളയിൽ സംസ്ഥാന സമ്മേളനത്തിന് മുൻപ് തന്നെ കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തണം എന്ന നിലപാടാണ് മടക്കം വേഗത്തിലാക്കിയത്. മുതിർന്ന നേതാവ് എംഎം മണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ നവംബറിൽ കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തത്. മാറി നിൽക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ച കോടിയേരി അവധി അപേക്ഷ നൽകുകയായിരുന്നു.ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കോടിയേരി സ്വയം എടുത്ത തീരുമാനമാണെന്നും ബിനീഷിന്റെ അറസ്റ്റുമായി ബന്ധമില്ലെന്നുമായിരുന്നു മുതിർന്ന പാർട്ടി നേതാക്കളുടെ അടക്കം അവകാശവാദം. എന്നാൽ പാർട്ടിയേയും മുന്നണിയേയും ബാധിക്കാതിരാക്കാനുള്ള കരുതലായിരുന്നു അവധിയടുക്കാനുള്ള കോടിയേരിയുടെ തീരുമാനമെന്നാണ് വിലയിരുത്തപ്പെട്ടത്.
കേസിൽ മകൻ ബിനഷ് കോടിയേരി അറസ്റ്റിലായത് സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് വൈകിപ്പിച്ചു. ബിനീഷിന് ജാമ്യം ലഭിച്ച് അഭിഭാഷക വൃത്തിയിലേക്ക് കടന്നതിന് പിന്നാലെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതെന്ന് നിർണായകമാണ്.