അട്ടപ്പാടിയിൽ 245 ഗർഭിണികൾ ഹൈ റിസ്‌ക്കിൽ ഉൾപ്പെട്ടവരെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അട്ടപ്പാടിയിലെ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. അട്ടപ്പാടിയിൽ ആകെയുള്ള 426 ഗർഭിണികളിൽ 245 ഗർഭിണികൾ ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗർഭിണികളായ 17 പേർ അരിവാൾ രോഗികളാണെന്നും 115 പേർക്ക് ഹീമോഗ്ലോബിന്റെ അളവ് കുറവാണെന്നും ആരോഗ്യ വകുപ്പിന്റെ കണക്കിൽ വ്യക്തമാക്കുന്നു.
അട്ടപ്പാടിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെ കളക്ടറുടെയും ഡിഎംഒയുടെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് അട്ടപ്പാടിയിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്ന് പരാമർശിച്ചുകൊണ്ടുള്ള കണക്കുകൾ അവതരിപ്പിച്ചത്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള 245 ഗർഭിണികളിൽ 191 പേർ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇവരിൽ 90 പേർ തൂക്കക്കുറവുള്ളവരാണെന്നുമാണ് കണ്ടെത്തൽ.