ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: കോൺഗ്രസ് റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ പ്രതി തൈക്കൂടം സ്വദേശി പി.ജി ജോസഫിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ. നടനും പ്രതിക്ക് ജാമ്യം നൽകുന്നതിനെ എതിർത്തു. കൊച്ചിയിൽ ഇന്ധന വിലവർധനയ്ക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു നടന്റെ വാഹനം തകർത്തത്.
കാറിന്റെ ഡോർ ബലമായി തുറന്ന സമരക്കാർ വാഹനത്തിന് കാര്യമായ കേടുപാടുകൾ വരുത്തി. ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി. കോൺഗ്രസ് പ്രവർത്തകർ അസഭ്യം പറഞ്ഞുവെന്നും തനിക്കെതിരായ ആരോപങ്ങൾ തെറ്റാണെന്നും താരം വ്യക്തമാക്കി.
അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ ജോസഫിന്റെ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ഇന്ന് രാവിലെയാണ് ജോജു കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
കോൺഗ്രസിന്റെ സമരത്തിനിടെ നടൻ ജോജുവിന്റെ വാഹനം അക്രമിച്ച കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ ജോസഫിന്റെ ജാമ്യഹർജിയിൽ കക്ഷി ചേരാൻ ജോജു കോടതിയിൽ അപേക്ഷ നൽകിയിരുന്നു
കേസിൽ പ്രതി ജോസഫ് കുറ്റം സമ്മതിച്ചതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനം തടഞ്ഞ സമയത്ത് പിന്നിൽനിന്ന് കല്ലുകൊണ്ട് ഇടിച്ചു ഗ്ലാസ് തകർക്കുകയായിരുന്നു എന്നാണ് ജോസഫിന്റെ മൊഴി. ഗ്ലാസ് തകരുന്നതിനിടയിലാണ് കൈക്കു പരിക്കേറ്റതെന്നും പ്രതി സമ്മതിച്ചിരുന്നു.