നോണ്‍ ഹലാല്‍ കഥ കെട്ടിച്ചമച്ചത്; തുഷാരയ്ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്ത് പൊലീസ്

ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിന് വനിത സംരംഭകയെ ആക്രമിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് ഇന്‍ഫോ പാര്‍ക്ക് പൊലീസ്. ഇന്‍ഫോപാര്‍ക്കിന് സമീപം നിലംപതിഞ്ഞിമുകളില്‍ 'പാനിപ്പൂരി' സ്റ്റാള്‍ നടത്തുന്ന യുവാക്കളെ ദമ്പതിമാരായ തുഷാരയും ഭര്‍ത്താവ് അജിത്തും കൂട്ടാളികളും ചേര്‍ന്നാണ് ആക്രമിച്ചതെന്ന് ഇന്‍ഫോ പാര്‍ക്ക് പൊലീസ് പറഞ്ഞു.
ഇവര്‍ ഒളിവിലാണെന്നും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ്. നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിന് വനിതാ സംരംഭകയെ അക്രമിച്ചു എന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലും ചില സംഘപരിവാര്‍ ഗ്രൂപ്പുകളിലും ഇതുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
നിലംപതിഞ്ഞിമുകള്‍ ഭാഗത്തുള്ള ഫുഡ് കോര്‍ട്ടില്‍ ബോംബേ ഛാട്ട്, ബേല്‍പ്പൂരി എന്നിവ വില്‍ക്കുന്ന യുവാവിന്റെ പാനിപൂരി സ്റ്റാള്‍ പ്രതികളായ തുഷാരയും മറ്റ് രണ്ടു പേരും കൂടി പൊളിച്ചുമാറ്റുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന് ഇവര്‍ നകുലിനെയും സുഹൃത്ത് ബിനോജ് ജോര്‍ജിനെയും ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. നിലവില്‍ പാലാരിവട്ടത്ത് നോണ്‍ ഹലാല്‍ ഫുഡ് ബോര്‍ഡ് വെച്ച് 'നന്ദൂസ് കിച്ചണ്‍' എന്ന റസ്റ്റോറണ്ട് നടത്തുന്ന തുഷാരയും ഭര്‍ത്താവ് അജിത്തും കാക്കനാട് പുതിയ കട തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു.
സംഭവത്തിന് പിന്നാലെ തുഷാര ലൈവില്‍ വന്ന് തന്നെ കച്ചവടം നടത്താന്‍ അനുവദിക്കുന്നില്ലെന്നും ജിഹാദികള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാര്‍ സംഘടനകള്‍ വിഷയം ഏറ്റെടുത്തത്.
നകുലും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി തുഷാരയുടെ നേതൃത്വത്തില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇന്‍ഫോപാര്‍ക്ക് പൊലീസിന്റെ അന്വേഷണത്തില്‍ അജിത്തും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ സംഘടിതമായ ആക്രമണമാണ് ഇതെന്ന് കണ്ടെത്തി.
തുഷാരയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ക്കെതിരെയും, തങ്ങളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്ന യുവാക്കളുടെ പരാതിയില്‍ തുഷാരക്കും കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിനോജ് ജോര്‍ജ് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്. തുഷാരയുടെ ഭര്‍ത്താവ് അജിത്ത് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകകേസിലുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നും കൂട്ടുപ്രതിയായ അപ്പുവിനെതിരെയും നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.