രോഹിത് ശർമ− കെ.എൽ.രാഹുൽ ഓപ്പണിംഗ് സഖ്യത്തെ മാറ്റണമെന്ന് ഹർഭജൻ സിംഗ്


കോൽക്കത്ത: പാക്കിസ്ഥാനെതിരേ പരാജയമായിരുന്ന രോഹിത് ശർമ−കെ.എൽ.രാഹുൽ ഓപ്പണിംഗ് സഖ്യത്തെ മാറ്റണമെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ന്യൂസിലൻഡിനെതിരായ രണ്ടാം മത്സരത്തിൽ രോഹിത്തിനൊപ്പം ഇഷാൻ കിഷൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത് ടീമിന് ഗുണമാകുമെന്നാണ് ഹർഭജന്‍റെ വാദം. ഇഷാൻ അതിവേഗം സ്കോർ ചെയ്യാൻ കഴിയുന്ന താരമാണ്. ഓപ്പണർ റോളിൽ താരം വന്നാൽ ഇന്ത്യയ്ക്ക് 50 മുതൽ 70 റണ്‍സ് വരെ പവർ പ്ലേ ഓവറുകളിൽ നേടാൻ കഴിയുമെന്നും ഇത് മധ്യനിരയ്ക്ക് ഗുണം ചെയ്യുമെന്നും ഹർഭജൻ പറഞ്ഞു.

ഇഷാൻ−രോഹിത് സഖ്യത്തിന് ശേഷം നായകൻ വിരാട് കോഹ്ലിയും പിന്നാലെ നാലാം നന്പറിൽ കെ.എൽ രാഹുലും എത്തിയാൽ ബാറ്റിംഗ് ലൈനപ്പ് ശക്തമാകും. ഋഷഭ് പന്ത് അഞ്ചാം നന്പറിലും ഹർദിക് പാണ്ഡ്യ ആറാം നന്പറിലും ബാറ്റ് ചെയ്യണം. ബൗൾ ചെയ്യുന്നില്ലെങ്കിലും പാണ്ഡ്യ ആറാം നന്പറിൽ മികച്ച ബാറ്റ്സ്മാൻ ആണെന്നും ഹർഭജൻ പറഞ്ഞു. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 10 വിക്കറ്റിന്‍റെ ദയനീയ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് 31ന് ന്യൂസിലൻഡിനെതിരേയാണ് രണ്ടാം മത്സരം. പാക്കിസ്ഥാനെതിരേ നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് പുറത്തായിരുന്നു. എട്ട് പന്ത് നേരിട്ട രാഹുൽ മൂന്ന് റൺസുമായും മടങ്ങിയത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.

You might also like

Most Viewed