അർണബ് ഗോസ്വാമിക്കും റിപ്പബ്ലിക് ചാനലിനുമെതിരെ സമൻസ്

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെ മാനനഷ്ടക്കേസിൽ റിപ്പബ്ലിക് ടിവി എം.ഡി അർണബ് ഗോസ്വാമിക്കും ചാനലിനുമെതിരെ സമന്‍സ്. ഡൽഹി സാകേത് കോടതിയാണ് സമൻസ് അയച്ചത്. സാകേത് കോടതിയിലെ അഡീഷണൽ സിവിൽ ജഡ്ജി ശീതൾ ചൗധരി പ്രധാൻ സമൻസ് അയച്ചുകൊണ്ടുള്ള ഉത്തരവ് പാസാക്കി. കേസ് 2022 ജനുവരി 3ന് വീണ്ടും പരിഗണിക്കും. അസമിലെ ദറങിലെ പൊലീസ് വെടിവെപ്പിനെ തുടർന്ന് പോപുലർ ഫ്രണ്ടിനെതിരേ അപകീർത്തികരമായ വാർത്ത സംപ്രേഷണം ചെയ്‌തെന്ന പരാതിയിലാണ് സമൻസ് നൽകിയിരിക്കുന്നത്. സെപ്തംബർ 27നാണ് റിപ്പബ്ലിക് ടിവി പോപ്പുലർ ഫ്രണ്ടിനെതിരെ അപകീർത്തിപരമായ വാർത്ത സംപ്രേക്ഷപണം ചെയ്തത്.
അസമിലെ ദരംഗ് ജില്ലയിൽ നടന്ന വെടിവെപ്പിൽ പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള രണ്ട് പേർ അറസ്റ്റിലായെന്നായിരുന്നു ചാനൽ വാർത്ത നൽകിയത്. സംഘടനക്കെതിരേ അപകീർത്തിപരമായ വാർത്ത സംപ്രേഷണം ചെയ്ത റിപ്പബ്ലിക് ടിവിക്കെതിരേ പോപുലർ ഫ്രണ്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഘടനയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ തങ്ങളുടെ ചാനലിലോ വെബ്‌സൈറ്റിലോ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ചാനലിനെതിരെ നിർബന്ധിത വിലക്ക് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പി.എഫ്.ഐ കേസ് ഫയൽ ചെയ്തത്.