ആരോഗ്യ മന്ത്രിയുടെ ഇടപെടൽ: നിപയെ അതിജീവിച്ച ഗോകുൽ കൃഷ്ണയുടെ അമ്മയക്ക് ജോലി


തിരുവനന്തപുരം: എറണാകുളത്ത് നിപയെ അതിജീവിച്ച ഗോകുൽ കൃഷ്ണയുടെ കുടുംബത്തിന് ആശ്വാസവുമായി ആരോഗ്യ മന്ത്രി വീണാ ജോർ‍ജ്. സാന്പത്തിക ബുദ്ധിമുട്ട് കാരണം ജീവിതം പ്രതിസന്ധിയിലായ ഗോകുൽ‍ കൃഷ്ണയുടെ അമ്മ വി.എസ് വാസന്തിക്ക് താത്ക്കാലിക തസ്തികയിൽ‍ നിയമനം നൽ‍കി. വനിത വികസന കോർ‍പറേഷനിൽ‍ ലോൺ‍/ റിക്കവറി അസിസ്റ്റന്റായാണ് നിയമനം. നിപയ്ക്ക് ശേഷം പല വിധ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ഗോകുൽ‍ കൃഷ്ണയുടെ തുടർ‍ ചികിത്സ എറണാകുളം മെഡിക്കൽ‍ കോളജ് ആശുപത്രിയിലാക്കി.

രോഗത്തെ അതിജീവിച്ച ഗോകുൽ കൃഷ്ണയ്ക്ക് രണ്ടരലക്ഷം രൂപയുടെ സഹായ വാഗ്ദാനമാണ് 2019ൽ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ രണ്ട് വർഷത്തിനിപ്പുറവും ഒന്നും നടന്നില്ലെന്നതും നിപ ബാധിച്ച മകനെ പരിചരിക്കാൻ ലീവെടുത്തതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിലെ ജോലി നഷ്ടമായ ഗോകുൽ കൃഷ്ണയുടെ അമ്മയെ കുറിച്ചും ലോൺ തിരിച്ചടവ് മുടങ്ങിയതും വാർത്തയായതിനെ തുടർന്നാണ് ആരോഗ്യ മന്ത്രിയുടെ ഇടപെടൽ.

ഗോകുൽ‍ കൃഷ്ണയെ മന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എഞ്ചിനീയറിംഗ് വിദ്യാർ‍ത്ഥിയായിരിക്കുന്പോഴാണ് 2019ൽ‍ ഗോകുൽ‍ കൃഷ്ണയെ നിപ വൈറസ് ബാധിച്ചത്. അമ്മ സ്വകാര്യ ആശുപത്രിയിൽ‍ ഫാർ‍മസി ഇൻ ചാർ‍ജ് ആയാണ് ജോലി ചെയ്തിരുന്നത്. മകന് നിപ വൈറസ് ബാധിച്ചതോടെ അവർ‍ ആശുപത്രിയിൽ‍ നിന്നും വിട്ടുനിന്നു. മകന്റെ ചികിത്സ കഴിഞ്ഞ് തിരികെ ആശുപത്രിയിലെത്തിയപ്പോഴേക്കും അവരെ ജോലിയിൽ‍ നിന്നും പിരിച്ചു വിട്ടു. 28 വർ‍ഷം അവർ‍ അവിടെ ജോലി ചെയ്തിരുന്നു എന്നാണ് പറയുന്നത്. കോവിഡ് വ്യാപനം കാരണം അച്ഛനും ജോലി നഷ്ടപ്പെട്ടു. ഗോകുൽ‍ കൃഷ്ണയ്ക്കാണെങ്കിൽ‍ നിപയ്ക്ക് ശേഷം മറ്റ് പല അസുഖങ്ങളുമുണ്ട്. ജീവിക്കാനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും ആരോടും സഹായമഭ്യർ‍ത്ഥിച്ച് പോയില്ല. കടം കയറി വീട് ജപ്തിയുടെ വക്കിലുമാണ്.

ദുരിതം അറിഞ്ഞതോടെ ആരോഗ്യമന്ത്രി വകുപ്പിന് കീഴിലുള്ള വനിത വികസന കോർ‍പറേഷനിൽ‍ അമ്മയ്ക്ക് ജോലി നൽകുകയായിരുന്നു. ജോലിയിൽ‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ലേബർ‍ വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്. ജപ്തി നടപടികളിൽ‍ നിന്നും ഇളവ് നേടാനായി സഹകരണ വകുപ്പിന്റേയും സഹായം തേടാനാണ് തീരുമാനം.

You might also like

Most Viewed