സുധീരൻ രാജി വെച്ചത് ശരിയായില്ലെന്ന് ഉമ്മൻചാണ്ടി; സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്ന് കെ സുധാകരൻ


കൊല്ലം: വി എം സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്ന് കെ സുധാകരൻ. രാജി വച്ചുകൊണ്ടുള്ള കത്ത് കെപിസിസിക്ക് കൈമാറിയിട്ടുണ്ട്. കത്തിലെ ഉള്ളടക്കം അറിയില്ലെന്നും നാളെ പരിശോധിക്കുമെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. സുധീരൻ രാജി വച്ചത് ശരിയായ നടപടിയല്ലെന്ന് ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. രാജി നിർഭാഗ്യകരമാണ്. അദ്ദേഹത്തിൻ്റെ സാന്നിധ്യം രാഷ്ട്രീയ കാര്യ സമിതിയിൽ വേണം. നേട്ടത്തിന് വേണ്ടി ആരുമായും കൂട് കൂടുമെന്ന മനോഭാവമാണ് സിപിഎമ്മിനുള്ളത്. ഇതാണ് കോട്ടയം നഗരസഭയിൽ നടന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ടെന്നും രണ്ട് തവണ വി.എം സുധീരനെ വിളിച്ചിരുന്നുവെന്നും കെ സുധാകരൻ പറയുന്നു. അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടിരുന്നു. പാർട്ടിയിൽ കൂടിയാലോചന നടക്കാറുണ്ട്. പലരും എത്താറില്ല എന്നതാണ് പ്രശ്നം. ഞങ്ങളുടെ ഭാഗത്ത് നിന്നുമുള്ള പിഴവ് കൊണ്ടാണ് രാജി എന്ന് കരുതുന്നില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. പഴയത് പോലെ ഏക ഛത്രപതി ഭരണം പാർട്ടിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഘടനമാറ്റം പാർട്ടി പ്രവർത്തകർ നെഞ്ചേറ്റി കഴിഞ്ഞു. ഘടനമാറ്റം വേണ്ടെന്ന് ആരും അഭിപ്രായം പറഞ്ഞില്ല. ഏത് നേതാക്കൾക്കും പേർ നിർദേശിക്കാം. കഴിവുള്ളവരെ തിരഞ്ഞെടുക്കും. ഗ്രൂപ്പല്ല പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed