ഹരിത വിവാദം; കോഴിക്കോട്ടെ യോഗത്തിന്റെ മിനുറ്റ്‌സ് പൊലീസിൽ‍ ഹാജരാക്കരുതെന്ന് ലീഗ്


തിരുവനന്തപുരം: എംഎസ്എഫ് പ്രസിഡന്റ് പി. കെ നവാസിനെതിരായ ഹരിത നേതാക്കളുടെ പരാതിയിൽ‍ വിവാദ യോഗത്തിന്റെ മിനുറ്റ്‌സ് പൊലീസിൽ‍ ഹാജരാക്കരുതെന്ന് മുസ്ലിം ലീഗ് നേതൃത്വം. മിനുറ്റ്‌സ് ഹാജരാക്കിയാൽ‍ എംഎസ്എഫ് നേതാക്കൾ‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ‍ മിനുറ്റ്‌സ് ഹാജരാക്കാതിരിക്കാൻ കഴിയില്ലെന്നാണ് എംഎസ്എഫ് ജനറൽ‍ സെക്രട്ടറി ലത്തീഫ് തുറയൂർ‍ വ്യക്തമാക്കിയിരിക്കുന്നത്.

ഹരിത നേതാക്കളുടെ പരാതിയിൽ‍ മുഖ്യ തെളിവാണ് ജൂൺ 21−ആം തീയതി കോഴിക്കോട് ചേർ‍ന്ന യോഗത്തിന്റെ മിനുറ്റ്‌സ്. ഈ യോഗത്തിൽ‍ വച്ചാണ് പി.കെ നവാസ് ഹരിത നേതാക്കൾ‍ക്കെതിരെ വിവാദ പരാമർ‍ശം നടത്തിയതെന്നാണ് ആരോപണം. ഹരിത നേതാക്കളുടെ പരാതിയിൽ‍ യോഗത്തിന്റെ മിനുറ്റ്‌സ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമന്‍സ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിനുറ്റ്‌സ് ഹാജരാക്കാതിരിക്കാൻ കഴിയില്ലെന്ന നിലപാട് ലത്തിഫ് തുറയൂർ‍ സ്വീകരിച്ചിരിക്കുന്നത്.

പി.കെ നവാസ് അശ്ലീല പരാമർ‍ശം നടത്തിയെന്ന് കാണിച്ച് ഹരിത ഭാരവാഹികൾ‍ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നൽ‍കിയിരുന്നു. ഇതോടെയാണ് വിവാദങ്ങൾ‍ക്ക് തുടക്കം. മലപ്പുറം ജില്ലയിൽ‍ നിന്നും സമാനമായി പരാതി ഉയർ‍ന്നു. എന്നാൽ‍ പരാതിയിൽ‍ ലീഗ് നേതൃത്വം നടപടി സ്വീകരിച്ചില്ല. തുടർ‍ന്ന് ഹരിത നേതാക്കൾ‍ വനിതാ കമ്മിഷനെ സമീപിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed