കണ്ണില്ലാത്ത ക്രൂരത; പറവൂരിൽ ഒരു മാസം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു

പറവൂർ: എറണാകുളത്ത് നായ്ക്കളോട് ക്രൂരത. പറവൂർ മാഞ്ഞാലിയിൽ ഒരു മാസം മാത്രം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു. ഏഴ് നായ്ക്കുഞ്ഞുങ്ങളെയാണ് ചുട്ടുകൊന്നത്. തള്ളപ്പട്ടിക്ക് ഗുരുതരമായി പരുക്കേറ്റു
ഒരു വീടിന് മുന്നിൽ പ്രസവിച്ച് കിടക്കുകയായിരുന്നു തള്ളപ്പട്ടി. ഇവിടെവച്ചാണ് കുഞ്ഞുങ്ങളെ ചുട്ടുകൊന്നത്. രണ്ട് സ്ത്രീകളാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് വിവരം. തീപന്തം കൊളുത്തി നായ്ക്കളുടെ ദേഹത്തേക്ക് ഇടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.
ദയ എന്ന സംഘടനയാണ് തള്ളപ്പട്ടിയെ രക്ഷപ്പെടുത്തിയത്. ചെവിക്കും വയറിനും പൊള്ളലേറ്റ തള്ളിപ്പട്ടിയുടെ നില ഗുരുതരമാണ്. ചികിത്സ നൽകിയ ശേഷം തള്ളപ്പട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് ദയ സംഘടനയുടെ പ്രവർത്തകൻ കൃഷ്ണൻ പി.ജെ അറിയിച്ചു.