ആറുമാസം കൊണ്ട് കോൺഗ്രസിൽ അടിമുടി പൊളിച്ചെഴുത്തുണ്ടാകുമെന്നും കെ. സുധാകരൻ
കണ്ണൂർ: ആറു മാസത്തിനുള്ളിൽ കോൺഗ്രസിന്‍റെ സംഘടനാ സംവിധാനം അടിമുടി പൊളിച്ചെഴുതുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. ഓരോ ജില്ലയിലും 2,500 വീതം കേഡർമാരെ നിയമിക്കും. കേഡർമാർക്ക് പരിശീലനം നൽകി ബൂത്തുകളുടെ ചുമതല ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ഡിസിസി പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ദുർബലമായ സ്ഥലങ്ങളിൽ കേഡർമാരുടെ നേതൃത്വത്തിൽ സംഘടനാശേഷി വർധിപ്പിക്കും. ആറുമാസം കൊണ്ട് കോൺഗ്രസിൽ അടിമുടി പൊളിച്ചെഴുത്തുണ്ടാകുമെന്നും കെ. സുധാകരൻ പ്രഖ്യാപിച്ചു.
കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് ആവശ്യമാണ്. സംഘടന തെരഞ്ഞെടുപ്പ് നടക്കുന്പോൾ പുതിയ മുഖങ്ങൾ കടന്നുവരും. പാർട്ടിയുടെ പ്രതിച്ഛായ തല്ലിത്തകർക്കാന്‍ ഇനി വയ്യ. മാറ്റങ്ങളിൽ എതിർവികാരം തോന്നുന്ന ആരെങ്കിലുമുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്‌യു അംഗത്വവിതരണവും തെരഞ്ഞെടുപ്പും പരിഹാസ്യമാണ്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകൾ ഏറ്റെടുക്കാന്‍ കെപിസിസി തയാറാണെന്നും സുധാകരൻ പറഞ്ഞു. പിണറായി വിജയൻ രണ്ടാമതും അധികാരത്തിൽ വന്നത് കോൺഗ്രസ് പ്രവർത്തകരുടെ മനോനില തകരാറിലാക്കി, മനക്കരുത്ത് ചോർത്തി. പാർട്ടിയുടെ അടിത്തട്ടിലെ ദൗർബല്യം സർവേ നടത്തിയപ്പോൾ വ്യക്തമായതാണ്. ഗ്രൂപ്പിന്‍റെ ഭാഗമല്ലാത്തതു കൊണ്ട് മികച്ച നേതാക്കൾക്ക് പോയകാലത്ത് സ്ഥാനങ്ങൾ കിട്ടിയില്ല. പാർട്ടിക്കുള്ളിലെ സംഘടനാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിൽ നടത്താനാണ് ആലോചനയെന്നും സുധാകരൻ പറഞ്ഞു.
