പികെ ശശിയെ കെ‍ടിഡിസി ചെയർമാനായി നിയമിച്ചു


തിരുവനന്തപുരം: ഷൊർണ്ണൂർ മുൻ എംഎൽഎ പികെ ശശിയെ കെ‍ടിഡിസി ചെയർമാനായി നിയമിച്ചു. എം വിജയകുമാർ‍ രാജിവെച്ച ഒഴിവിലേക്കാണ്  പികെ ശശിക്ക് നിയമനം നൽ‍കിയത്. ഡിവൈഎഫ്ഐയിലെ ഒരു വനിതാ നേതാവിന്‍റെ പീഡന പരാതിയിൽ‍ പാർ‍ട്ടി നടപടി നേരിട്ട നേതാവാണ് പികെ ശശി. പീഡന പരാതിയെ തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സീറ്റ് നൽകാതെ ശശിയെ മാറ്റിനിർത്തുകയായിരുന്നു. വനിതാ നേതാവിന്‍റെ പരാതിയെ തുടർന്ന് പികെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.

2019 നവംബർ 26 നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നൽ‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പികെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടി എടുക്കാമെന്നുമായിരുന്നു കമ്മീഷന്‍റെ ശുപാർ‍ശ. സസ്പെൻഷൻ കാലാവധിക്ക് ശേഷം ശശിയെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed