വിവാദങ്ങൾക്കില്ലെന്ന് കെ.സുധാകരൻ

കണ്ണൂർ: പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്നും ഇനി വിവാദങ്ങൾക്കില്ലെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ടുപോകണമെന്ന് സുധാകരൻ അഭ്യർത്ഥിച്ചു.
ഡൽഹിയിലെ വാർത്താ സമ്മേളനത്തിനിടെ ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയെന്ന് തെളിയിക്കാൻ ഡയറി ഉയർത്തിക്കാട്ടിയ നടപടിയെ അദ്ദേഹം ന്യായീകരിച്ചു. തന്‍റെ വിശ്വാസ്യത തെളിയിക്കാൻ വേണ്ടിയാണ് ചർച്ചയുടെ വിശദാംശങ്ങൾ കാണിച്ചത്. കോൺഗ്രസിനെതിരേ വിമർശനം ഉന്നയിച്ച ആർഎസ്പി നേതൃത്വവുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് വിട്ട് നേതാക്കൾ വരുമെന്ന ബിജെപിയുടെ ചിന്ത വ്യാമോഹമാണ്. അത്തരത്തിലാരെയും ലഭിക്കുമെന്ന് ബിജെപി വിചാരിക്കേണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.