മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മകളേയും വിചാരണ ചെയ്ത പൊലീസുകാരിക്കെതിരെ നടപടി



മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ ആറ്റിങ്ങൽ പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. സിവിൽ പൊലീസ് ഓഫിസർ രജിതയെ ആണ് പിങ്ക് പൊലീസിൽ നിന്ന് സ്ഥലം മാറ്റിയത്.
വെള്ളിയാഴ്ചയാണ് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും രജിത പരസ്യമായി വിചാരണ ചെയ്തത്. തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൊടുത്തെന്ന് ആരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു.
ഫോൺ എടുത്തില്ലെന്ന് പറഞ്ഞിട്ടും രജിത പിന്മാറാൻ തയാറായില്ല. ഒടുവിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. ഫോൺ സ്വന്തം ബാഗിൽ നിന്ന് കിട്ടിയശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്.
വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. റൂറൽഎസ്പി ഓഫീസിലേക്കാണ് ഇവരെ മാറ്റിയത്. സംഭവത്തെക്കുറിച്ചന്വേഷിച്ച ആറ്റിങ്ങൾ ഡിവൈ എസ്പി റിപ്പോർട്ട് റൂറൽ എസ് പി ക്ക് കൈമാറിയിട്ടുണ്ട്. രജിതക്കെതിരെ നടപടിക്ക് ശുപാർശയെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed