കാക്കനാട് ലഹരിമരുന്ന് കേസ്; പ്രതികൾക്ക് രാജ്യാന്തര ബന്ധമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കാക്കനാട് ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് അന്വേഷണ സംഘം. പ്രതികൾ കേരളത്തിലേക്ക് കൂടുതൽ ലഹരി മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികൾ പിടിയിലാകാൻ ഉണ്ടെന്നും, അവരെ പിടികൂടാനുള്ള നീക്കങ്ങൾ തുടങ്ങിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കസ്റ്റംസുമായി സഹകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുമെന്നും എക്‌സൈസ് സംഘത്തെ അറിയിച്ചു.
അതേസമയം, കേസ് അട്ടിമറിക്കാൻ ശ്രമിച്ച എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കൊച്ചിയിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. ശങ്കറിനെ സസ്‌പെൻഡ് ചെയ്തു. നടപടിയുടെ ഭാഗമായി മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഒരു പ്രിവന്റീവ് ഓഫിസറെയും രണ്ട് സിവിൽ ഓഫിസറെയുമാണ് സ്ഥലംമാറ്റിയത്. കേസെടുക്കുന്നതിൽ ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയെന്നാണ് അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ശുപാർശ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 19 −ാം തിയതി പുലർച്ചെയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കമുള്ള പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്‌ലാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് ഒരു കിലോയിലധികം രൂപയുടെ എംഡിഎംഎ കൂടി പിടിച്ചു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്ത ജില്ലയിലെ എക്‌സൈസ് എന്റഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് വിഭാഗം മഹസറിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ഒരു വഴിപോക്കൻ നൽകിയ വിവരമനുസരിച്ചാണ് പ്രതികൾ താമസിച്ചിരുന്ന ഫ്‌ലാറ്റിൽ നിന്ന് ഒരു കിലോ എംഡിഎംഎ അടങ്ങിയ ബാഗ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നും മഹസറിൽ രേഖപ്പെടുത്തി. ബാഗ് കണ്ടെടുത്തതിൽ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു.
പ്രതികൾ കസ്റ്റഡിയിലായിരിക്കെ ഇവരുമായി പോയി ബാഗ് കണ്ടെത്തി അതും കേസിൽ ഉൾപ്പെടുത്തേണ്ടതിന് പകരമാണ് എക്‌സൈസ് ഇത്തരമൊരു കള്ളക്കളി നടത്തിയത്. 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തിന് മാത്രമാണ് നിലവിൽ 5 പേർക്കെതിരെ കേസ്.