നൈജീരിയയിലെ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ നൂറിലേറെ വിദ്യാർത്ഥികളെ മോചിപ്പിച്ചു

അബുജ: നൈജീരിയയിലെ ഇസ്‌ലാമിക് സ്കൂളിൽ നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ നൂറിലേറെ വിദ്യാർത്ഥികളെ മോചിപ്പിച്ചു. കഴിഞ്ഞ മേയിൽ നൈഗർ സ്റ്റേറ്റിലെ തെഗിനയിലെ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയവരെയാണ് ഭീകരർ മോചിപ്പിച്ചത്. നിരുപാധികമാണ് വിട്ടയച്ചതെന്ന് സ്കൂളിലെ പ്രധാനാദ്ധ്യാപകൻ അറിയിച്ചു.
തെഗിനയിലെ സ്കൂൾ ആക്രമിച്ച ആയുധധാരികൾ 136 വിദ്യാർത്ഥികളെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരിൽ 15 വിദ്യാർത്ഥികൾ കഴിഞ്ഞ ജൂണിൽ രക്ഷപെട്ടിരുന്നു. ആറു കുട്ടികൾ തടവിൽ കിടന്നുമരിച്ചതായും സ്കൂൾ അധികൃതർ പറയുന്നു. മോചിപ്പിച്ച കുട്ടികളെ ആരോഗ്യപരിശോധനകൾക്കുശേഷം വീടുകളിലേക്കയക്കും.