കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചാവുന്നു


കൊച്ചി: കളമശേരി എച്ച്എംടി കോളനി ഗ്രൗണ്ടിന് സമീപത്ത് നാലാം തവണയും താറാവുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സാമ്പിളുകളുടെ പരിശോധന റിപ്പോർട്ടുകൾ ഇന്ന് ലഭിക്കും. താറാവുകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, തോടുകളിലെ വെള്ളത്തിന്‍റെ ഗുണനിലവാര പരിശോധനാ ഫലം എന്നിവയാണ് തിരുവല്ലയിലെ ലാബിൽനിന്ന് ലഭിക്കുക. നെടുനാരയിൽ ഷംസുദീൻ വളർത്തുന്ന 600 ഓളം താറാവുകളാണ് കഴിഞ്ഞ നാല്‌ ശനിയാഴ്ചകളിലായി ചത്തത്. ഞായറാഴ്ച 70 ഓളം താറാവുകളെയാണ് ചത്ത നിലയിൽ കണ്ടത്. ശനിയാഴ്ചകളിൽ വൈകിട്ടാണ് താറാവുകൾ കൂട്ടത്തോടെ ചാകുന്നത്.

കഴിഞ്ഞ നാലു ശനിയാഴ്ചകളിലും താറാവുകൾ ചത്തു. ഈ ശനിയാഴ്ചയും വൈകിട്ട് മൂന്നരയോടെ താറാവുകൾ പിടഞ്ഞുവീണ് ചാകുകയായിരുന്നു. ഞായറാഴ്ച രാവിലെ ആയപ്പോഴേക്കും 150 ഓളം താറാവുകൾ ചത്തു.<br> നേരത്തെ താറാവുകൾ ചത്തപ്പോൾ താറാവ് വളരുന്ന വെള്ളം ലാബിൽ പരിശോധിച്ചിരുന്നു. വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ ഉയർന്ന സാന്നിധ്യമുണ്ടെങ്കിലും ശനിയാഴ്ച വൈകുന്നേരങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചാകുന്നത് ഇതുകൊണ്ടല്ലെന്ന് ലാബ് അധികൃതർ പറഞ്ഞു. നേരത്തെ, ചത്ത താറാവിനെ പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. എച്ച്എംടി കോളനി എൽപി സ്കൂളിന് സമീപം പുഞ്ചത്തോടിന് ചേർന്ന് 50 വർഷത്തോളമായി മുട്ടത്താറാവിനെ വളർത്തുന്ന കുടുംബമാണ് ഷംസുദീന്‍റേത്. രാവിലെ തീറ്റ നൽകി പാടത്തേക്ക് തുറന്നുവിട്ട്, വൈകുന്നേരം തിരികെവന്ന് കൂട് അടയ്ക്കാറാണ് പതിവ്.സമീപത്തെ മറ്റൊരാളുടെ 13 താറാവുകൾ ചത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽനിന്ന് മാലിന്യമൊഴുക്കിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് സ്ഥാപനം ഇയാൾക്ക് നഷ്ടപരിഹാരം നൽകി പ്രശ്നം പരിഹരിച്ചെന്ന് നാട്ടുകാർ പറഞ്ഞു. താറാവിനെ വളർത്തുന്ന വെള്ളത്തിൽ മീനും പാമ്പുമൊക്കെ ചത്തുകിടക്കാറുണ്ടെന്നും സമീപവാസികൾ പറഞ്ഞു.

You might also like

Most Viewed