ഐഎൻഎൽ പിളർന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ


തിരുവനന്തപുരം: ഐഎൻഎൽ പിളർന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന യോഗത്തിൽ സംഭവിച്ച കാര്യങ്ങളെപ്പറ്റി പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസിഡണ്ട് എ.പി അബ്ദുൾ വഹാബും തമ്മിൽ വാക്പോരുണ്ടായ ശേഷം ഇരുവിഭാഗവും യോഗം കൂടി പരസ്പരം പുറത്താക്കുകയായിരുന്നു. യോഗ വേദിക്ക് പുറത്ത് കൂട്ടത്തല്ല് നടന്നിരുന്നു. ഐഎന്‍എല്ലില്‍ സംഭവിച്ച പിളര്‍പ്പില്‍ സിപിഎമ്മും കടുത്ത ആശങ്കയിലാണ്. രണ്ടു കൂട്ടരും ഒരുമിച്ചു പോകണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. ഐഎൻഎല്ലിലെ തർക്കം തത്കാലം ദേവർകോവിലിന്‍റെ മന്ത്രിസ്ഥാനത്തെ ബാധിക്കില്ലെന്നാണ് അറിയുന്നത്.
അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറും ഒരുപക്ഷത്താണെങ്കിലും പാർട്ടിയിലെ പ്രബല വിഭാഗം അബ്ദുൾ വഹാബിനൊപ്പമാണ്. അതിനാല്‍, ഔദ്യോഗിക വിഭാഗമായി കാസിമിനെയും കൂട്ടരെയും കണ്ട് മുന്നണിയില്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ശ്രമിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാ‍ർട്ടിയിലുണ്ടായ അഭിപ്രായഭിന്നതകൾ രൂക്ഷമായതോടെയാണ് ഐഎൻഎൽ തല്ലിപിരിയുന്ന അവസ്ഥയുണ്ടായത്. ഭിന്നത തുടങ്ങിയപ്പോൾ തന്നെ ഐഎന്‍എല്ലിലെ ഇരുവിഭാഗം നേതാക്കളെയും എകെജി സെന്‍ററില്‍ വിളിച്ചുവരുത്തി സിപിഎം ശാസിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed