മയൂഖ ജോണി ഉന്നയിച്ച സുഹൃത്തിന്‍റെ പീഡന പരാതിയില്‍ ശാസ്ത്രീയ തെളിവില്ലെന്ന് പൊലീസ്


തിരുവനന്തപുരം ഒളിമ്പ്യൻ മയൂഖ ജോണി ഉന്നയിച്ച സുഹൃത്തിന്‍റെ പീഡന പരാതിയില്‍ ശാസ്ത്രീയ തെളിവില്ലെന്ന് പൊലീസ്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ തെളിവ് ശേഖരിക്കൽ പ്രായോഗികമല്ലെന്ന് എസ് പി ജി പൂങ്കുഴലി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

2016ല്‍ നടന്ന സംഭവമായതിനാല്‍ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകുന്നത്. വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും എസ്.പി. ജി. പൂങ്കുഴലി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും പൊലീസ് കേസ് അന്വേഷിക്കുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
5 വർഷം മുൻപ് നടന്നുവെന്ന് പറയുന്ന സംഭവമായതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുക എന്നത് പ്രായോഗികമല്ല. വാദിയുടെയും പ്രതിയുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ നോക്കി.
പീഡനം നടന്നു എന്ന് ആരോപിക്കപ്പെടുന്ന സമയത്ത് ഇരുവരും ഒരേ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് ഉറപ്പിക്കാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
പരാതിക്കാരിയുടെ വീട്ടില്‍ പ്രതികള്‍ ചില ലഘുലേഖകള്‍ കൊണ്ടിട്ടിരുന്നുവെന്ന് മയൂഖ ജോണി ആരോപിച്ചിരുന്നു. എന്നാല്‍ അതിനും കൃത്യമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വാദം.
പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടു വന്ന സമയം പ്രതി അവിടെ എത്തുകയും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ സമയം പ്രതി ആശുപത്രിയ്ക്ക് അഞ്ച് കിലോമീറ്റര്‍ അകലെയാണ് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

You might also like

Most Viewed