തന്‍റെ അഭിപ്രായം മധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് തന്‍റെ അഭിപ്രായം മധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് ദിവസവും താൻ പറഞ്ഞത് ഒരേ അഭിപ്രായമാണ്. കോണ്‍ഗ്രസ്-ലീഗ് ഭിന്നതയില്ല, തർക്കമുള്ളത് എൽഡിഎഫിലാണ്. സ്കോളർഷിപ്പിന് നിലവിലെ സ്കീം നിലനിർത്തണമെന്നും സതീശൻ അഭിപ്രായപ്പെട്ടു. മുസ്‌ലിം സമുദായത്തിന് നഷ്‌ടം ഉണ്ടായിട്ടില്ലെന്നും നിലവില്‍ സ്‌കോളര്‍ഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്‌ടമില്ലെന്നുമാണ് സതീശൻ ആദ്യം അഭിപ്രായപ്പെട്ടത്. നിലവിലുള്ള സ്കോളർഷിപ്പ് കുറയ്ക്കാത്തതിനെയും മറ്റ് സമുദായത്തിന് കൂടി ആനുപാതികമായി സ്കോളര്‍ഷിപ്പ് കൊടുക്കാനുള്ള സർക്കാർ തീരുമാനത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനുപിന്നാലെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഭാഗികമായി മാത്രം അംഗീകരിക്കുന്നുവെന്ന് സതീശൻ പറഞ്ഞു. സർക്കാരിന് അനുകൂലമായ സതീശന്‍റെ പ്രസ്താവനയ്ക്കെതിരേ മുസ്‌ലിം ലീഗ് പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തിയത്. എന്നാൽ ഇത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സതീശൻ പറഞ്ഞു.