ലൂസി കളപ്പുര കോൺവന്‍റിൽ നിന്നു മാറി താമസിക്കുന്നതാണ് ഉചിതമെന്നു ഹൈക്കോടതി


കൊച്ചി: ലൂസി കളപ്പുര കോൺവന്‍റിൽ നിന്നു മാറി താമസിക്കുന്നതാണ് ഉചിതമെന്നു ഹൈക്കോടതി. മാറി താമസിക്കുന്ന സ്ഥലത്തു പോലീസ് സംരക്ഷണം നൽകാമെന്നും കോടതി പറഞ്ഞു. എന്നാൽ, തനിക്കു കോൺവന്‍റിൽ തന്നെ താമസിക്കണമെന്നും അവിടെ സംരക്ഷണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, കോൺവന്‍റിൽ പോലീസ് സംരക്ഷണം നൽകണമെന്നു നിർദേശിക്കാനാവില്ലെന്നും മഠത്തിൽനിന്നു മാറി താമസിക്കുന്നതാണ് ഉചിതമെന്നും കോടതി നിർദേശിച്ചു.

അഭിഭാഷകർ പിന്മാറിയതിനെത്തുടർന്നു ലൂസി കളപ്പുര സ്വന്തം നിലയ്ക്കാണ് ഇന്നു കോടതിയിൽ വാദം ഉന്നയിച്ചത്. മഠത്തിൽനിന്നു മാറിയാൽ തനിക്കു താമസിക്കാൻ ഇടമില്ലെന്നും തന്‍റെ സന്യാസ ജീവിതത്തിനു അതു തടസമാകുമെന്നുമായിരുന്നു ലൂസി കളപ്പുരയുടെ വാദം. എന്നാൽ, സന്യാസിനീ സമൂഹത്തിന്‍റെ നിയമങ്ങൾ തുടർച്ചായായി ലംഘിച്ചതിനാൽ ലൂസി കളപ്പുരയെ എഫ്സിസി സമൂഹത്തിൽനിന്നു പുറത്താക്കിയതാണെന്നും അവരുടെ അപ്പീൽ തള്ളിയതാണെന്നും സന്യാസസമൂഹത്തിന്‍റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. അതിനാൽ മഠത്തിൽ തുടർന്നു താമസിക്കുന്നതും എഫ്സിസി സമൂഹത്തിന്‍റെ ഔദ്യോഗിക വേഷം ധരിക്കുന്നതും ശരിയല്ല.
മാത്രമല്ല, മഠത്തിൽനിന്നു പുറത്തുവന്നാൽ താമസിക്കാൻ സ്ഥലമില്ലെന്നു പറയുന്നതും ശരിയല്ല. കാരണം, സന്യാസിനീ സഭയുടെ നിയമം അനുസരിച്ചു ഒരു മഠത്തിൽനിന്നു യാത്ര ചെയ്താൽ മറ്റൊരു മഠത്തിൽ വേണം താമസിക്കാൻ. എന്നാൽ, കേസ് നടത്തിപ്പിനായി ലൂസി കളപ്പുര പലവട്ടം മഠത്തിൽനിന്നു പുറത്തുപോയി താമസിച്ചിട്ടുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. കേസ് വിധി പറയാൻ മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed