എസ്ഐ ആനി ശിവയെ അപമാനിച്ച കേസിൽ അഭിഭാഷക സംഗീത ലക്ഷമണയ്ക്ക് എതിരെ കേസ്

തിരുവനന്തപുരം: വനിതാ എസ്ഐ ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണയ്ക്ക് എതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന ആനി ശിവയുടെ പരാതിയിലാണ് കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ട് നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രൽ പൊലീസ് േസ്റ്റഷനിൽ എസ്ഐ ആയി ആനി ശിവ ചുമതലയേറ്റ് എടുത്തതിന് പിന്നാലെയായിരുന്നു സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്. കയ്യിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവൾ മറ്റുള്ളവരുടെ സംരക്ഷണ ചുമതല എങ്ങനെ ഏറ്റെടുക്കും എന്നരീതിയിലായിരുന്നു പരിഹാസം.
അസാധാരണ പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയാണ് ആനി ശിവ. പതിനെട്ടാം വയസിൽ വീട്ടുകാരെ ധിക്കരിച്ച് ഇഷ്ടപ്പെട്ട ആൾക്കൊപ്പം വിവാഹം കഴിച്ചു. ഒരുമിച്ച് പോകാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുപതാം വയസിൽ കുഞ്ഞുമായി തെരുവിലേക്ക് ഇറങ്ങി. ജീവിക്കാൻ പിന്നീട് പഠനത്തോടൊപ്പം പല പണികൾ ചെയ്തു. ജോലിക്കിടയിൽ ഡിസ്റ്റൻസായി എംഎ പൂർത്തിയാക്കി. പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ എസ്ഐ പരീക്ഷയ്ക്ക് തയാറെടുപ്പ് നടത്തി. ജീവിക്കാൻ ഐസ്ക്രീമും നാരങ്ങാവെള്ളവും വിറ്റുനടന്ന അതേ സ്ഥലത്ത് തന്നെ സബ് ഇൻസ്പെക്ടർ ആയി എത്തുകയായിരുന്നു ആനി.