പ്രേമനൈരാശ്യം: വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് യുവതിയെ കുത്തിക്കൊന്നു


മലപ്പുറം: പെരുന്തൽമണ്ണയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് യുവതിയെ കുത്തിക്കൊന്നു. ഏലംകുളം കുന്നക്കാട് ബാലചന്ദ്രന്‍റെ മകൾ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. പ്രതി കുണ്ടുപറന്പ് സ്വദേശി വിനീഷിനെ (21) പോലീസ് കസ്റ്റഡിയിലെടുത്തു.  ആക്രമണത്തിൽ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതര പരിക്കേറ്റു. കുട്ടിയെ പെരുന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രേമനൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇന്നലെ രാത്രിയിൽ ബാലചന്ദ്രന്‍റെ പെരുന്തൽമണ്ണയിലെ ചെരുപ്പ്−ബാഗ് കട കത്തിനശിച്ചിരുന്നു. ഇന്ന് രാവിലെ ബാലചന്ദ്രൻ ഇവിടേക്കുപോയിരുന്നു. ബാലചന്ദ്രൻ വീട്ടിൽ ഉണ്ടാവില്ലെന്ന് മനസിലാക്കിയ വിനീഷ് അതിക്രമിച്ചുകയറുകയായിരുന്നു.  

ആക്രമണം നടക്കുന്പോൾ ദൃശ്യയുടെ അമ്മ കുളിമുറിയിലായിരുന്നു. വീട്ടിനുള്ളിൽ കടന്നുകയറിയ വനീഷ് ദൃശ്യയെ കുത്തിവീഴ്ത്തി. തടയാൻ എത്തിയ ദേവശ്രീക്കും കുത്തേറ്റു. ഇതിനു ശേഷം വിനീഷ് പുറത്തിറങ്ങി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഓട്ടോ ഡ്രൈവറുടെ ഇടപെടലാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ദൃശ്യയുടെ വീടിനു സമീപത്തുള്ള ബസ് സ്റ്റോപ്പിൽനിന്നും ഓട്ടോയിൽ കയറി രക്ഷപെടാനാണ് വിനീഷ് ശ്രമിച്ചത്.  ഓട്ടോയിൽ കയറിയ വിനീഷ് ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞു. എന്നാൽ സംഭവം അറിഞ്ഞ നാട്ടുകാർ ഓട്ടോ ഡ്രൈവറെ മൊബൈൽ ഫോണിൽ ബന്ധപ്പെടുകയും വിവരം കൈമാറുകയും ചെയ്തു. ഇതോടെ ഓട്ടോ ഡ്രൈവർ വിനീഷുമായി പോലീസ് സ്റ്റേഷനിലേക്ക് കുതിച്ചു.  സ്റ്റേഷനിലെത്തി ഇയാളെ കൈമാറുകയും ചെയ്തു. ബാലചന്ദ്രന്‍റെ കട കത്തിച്ചത് വിനീഷ് ആയിരിക്കാമെന്നാണ് സംശയിക്കുന്നത്. ബാലചന്ദ്രനെ വീട്ടിൽനിന്നും മാറ്റാൻ പ്രതി നടത്തിയ ശ്രമത്തിന്‍റെ ഭാഗമാണെന്ന് പോലീസ് കരുതുന്നു. പ്രതി ചില സമയങ്ങളിൽ മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

You might also like

  • Straight Forward

Most Viewed