എം.എ. യൂസഫലി ഇടപെട്ടു; ബെക്സ് കൃഷ്ണൻ നാട്ടിലെത്തി

കൊച്ചി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു അബുദാബിയിലെ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ പുത്തൻചിറ സ്വദേശി ചെറവട്ട ബെക്സ് കൃഷ്ണൻ ജയിൽ മോചിതനായി നാട്ടിലെത്തി. ചൊവ്വാഴ്ച രാത്രി 8.20ന് അബുദാബിയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 1.45ന് കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്‌സ് ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയത്. മകന്‍ അദ്വൈതും ഭാര്യ വീണയും വിമാനത്താവളത്തിൽ കൃഷ്ണനെ സ്വീകരിക്കാനെത്തിയിരുന്നു. വാഹനാപകടത്തിൽ സുഡാനീസ് ബാലൻ മരിച്ച സംഭവത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാൽപത്തഞ്ചുകാരന്‍റെ വധശിക്ഷ റദ്ദാക്കിയതു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ഇടപെടലിലാണ്. യൂസഫലി ദയാധനമായി (ബ്ലഡ് മണി) ഒരു കോടി രൂപ (അഞ്ചുലക്ഷം ദിർഹം) കെട്ടിവച്ചാണു ബെക്സ് കൃഷ്ണനെ വധശിക്ഷയിൽനിന്നു രക്ഷിച്ചത്.
2012ൽ അബുദാബി മുസഫയിൽ വാഹനമിടിച്ച് സുഡാൻ ബാലൻ മരിച്ച കേസിലാണു ബ്ലഡ് മണിയായി ഒരു കോടി രൂപ അടയ്ക്കാൻ കോടതി ഉത്തരവിട്ടത്. ഈ തുകയാണു യൂസഫലി അടച്ച് ബെക്സിനെ മോചിപ്പിച്ചത്. 2012 സെപ്റ്റംബർ ഏഴിനായിരുന്നു അബുദാബിയിൽ ബെക്സിന്‍റെ ജീവിതം മാറ്റിമറിച്ച സംഭവം. ജോലി സംബന്ധമായി മുസഫയിലേക്കു പോകുന്പോഴായിരുന്ന കാറപകടം. സുഡാൻ പൗരനായ കുട്ടി മരിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അബുദാബി പോലീസ് ബെക്സ് കൃഷ്ണനെതിരേ നരഹത്യക്കു കേസെടുത്തു. കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ഇടയിലേക്കു കാർ പാഞ്ഞുകയറിയാണു മരണം സംഭവിച്ചതെന്നായിരുന്നു കേസ്.