മൻസൂർ വധം: രണ്ടു പേർ കൂടി കസ്റ്റഡിയിൽ

കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ രണ്ടുപേർ കൂടി പോലീസ് പിടിയിലായി. കേസിലെ നാലാം പ്രതിയായ ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് പിടിയിലായത്. കോഴിക്കോട്-കണ്ണൂർ ജില്ലകളുടെ അതിർത്തിപ്രദേശത്ത് നിന്നും ഇരുവരെയും കസ്റ്റഡിയിലെടുത്തുവെന്ന് പോലീസ് അറിയിച്ചു. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. നേരത്തെ കേസിലെ മുഖ്യപ്രതിയായ സിപിഎം പ്രവർത്തകൻ ഓച്ചിറയ്ക്കൽ ഒതയോത്ത് അനീഷ് (35) പോലീസ് പിടിയിലായിരുന്നു. ഇയാൾക്കും നിലവിൽ കസ്റ്റഡിയിലായ രണ്ടുപേർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് വിവരം. അതിനിടെ അന്വേഷണ സംഘം കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരൻ മുഹ്സിന്‍റെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.കെ.ഇസ്മയിൽ വീട്ടിലെത്തിയാണ് മുഹ്സിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്.