പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നുണ പറഞ്ഞ് തെര. കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച് കേരളീയരുടെ അന്നം മുടക്കാനാണ് ചെന്നിത്തല തയാറായതെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്ന് ആവശ്യപ്പെട്ടു. ഇതൊന്നും സൗജന്യമല്ല. ജനങ്ങളുടെ അവകാശമാണ്. കോവിഡ് കാലത്ത് പട്ടിണിയില്ലാതെ ജനങ്ങളെ കാക്കാൻ സാധിച്ചു. ഭക്ഷ്യ കിറ്റ് വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയതല്ല. ഈസ്റ്റർ,വിഷു പ്രമാണിച്ചാണ് കിറ്റ് എപ്രിൽ ആദ്യം നൽകുന്നത്. പ്രതിപക്ഷ നേതാവ് തുടർച്ചയായി നുണ പറയുന്നത് നിർത്തണം. തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യമായി തീരുമാനമെടുക്കണം. സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും മുടക്കില്ല. മാർച്ച് മാസത്തിൽ തന്നെ പൂർത്തിയാക്കാൻ നേരത്തെ തീരുമാനമെടുത്തതാണ്.
ഏപ്രിൽ മാസത്തെ സാമൂഹ്യക്ഷേമ പെൻഷനൊപ്പം മേയ് മാസത്തെ പെൻഷൻ മുൻകൂർ ആയി നൽകുന്നു എന്ന ചെന്നിത്തലയുടെ ആരോപണം തെറ്റാണ്. മാർച്ചിലെ പെൻഷനാണ് നൽകുന്നത്.
പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ശ്രമിച്ചിട്ടുണ്ട്. 26 ലക്ഷം പേർക്ക് നൽകി. 10.76 പേർക്ക് മാത്രമാണ് കോവിഡ് വന്നത്. ഇപ്പോഴും രോഗ വ്യാപന സാധ്യത നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

