മമത രംഗത്തിറങ്ങി: ഇനി പ്രചാരണം വീൽചെയറിൽ


കോൽക്കത്ത: പരിക്കേറ്റ് ചികിത്സയിലായിരുന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുന്നു. വീൽചെയറിലിരുന്ന് മമത പ്രചാരണം നയിക്കും.  നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിക്കേറ്റ ബംഗാൾ മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം കോൽക്കത്തയിൽ വൻ റോഡ് ഷോ നടത്തിയാണ് തിരിച്ചെത്തുന്നത്. ഗാന്ധി മൂർത്തിയിൽനിന്നും ഹസ്രവരെയാണ് റോഡ് ഷോ. റോഡ് ഷോയ്ക്കൊടുവിൽ ഹസ്രയിൽ മമത ജനാവലിയെ സംബോധന ചെയ്ത് സംസാരിക്കും. 

മുഖ്യമന്ത്രി തിങ്കളാഴ്ച മുതൽ പ്രചാരണം പുനരാരംഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം തൃണമൂൽ വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ എതിർപ്പുകൾ വകവയ്ക്കാതെ വിശ്രമം അവാസനിപ്പിച്ച് മമത തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഇറങ്ങുകയായിരുന്നു. തിങ്കളാഴ്ച പുരുലിയയിലും പിറ്റേന്ന് ബാങ്കുറയിലും ബുധനാഴ്ച ഝാർഗ്രാമിലും മമത പൊതുയോഗങ്ങളിൽ പങ്കെടുക്കും. കോൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മമത വെള്ളിയാഴ്ചയാണ് ആശുപത്രി വിട്ടത്. ഏതാനും ബിജെപി പ്രവർ ത്തകർ ബോധപൂർവം തിക്കുംതിരക്കും സൃഷ്ടിച്ചതിനെത്തുടർന്നാണു മുഖ്യമന്ത്രി അപകടത്തിൽപ്പെട്ടതെന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ ആരോപണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed