സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും


കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും. പത്ത്, പ്ലസ് ടു ക്ലാസുകളാണ് തുടങ്ങുക. രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കി സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളും നാളെ തുറക്കും. അധ്യയനവര്‍ഷം തുടങ്ങി ഏഴു മാസത്തിനു ശേഷമാണ് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ക്ലാസ്. മാര്‍ച്ച് 16 വരെ ക്ലാസുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം.

ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ സംശയദൂരീകരണവും റിവിഷനുമാണ് ക്ലാസുകളുടെ ലക്ഷ്യം. ഇതോടൊപ്പം മാതൃകാ പരീക്ഷകളുമുണ്ടാകും. പരീക്ഷയ്ക്ക് ചോദിക്കുന്ന പാഠഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ക്ലാസുകളിലെ പ്രകടനം, ക്ലാസ് ടെസ്റ്റുകള്‍, ഇനിയുള്ള ക്ലാസുകളിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാകും നിരന്തര മൂല്യനിര്‍ണയമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.
നാളെ തുറക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളും സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കും പ്രവര്‍ത്തനമെന്ന് സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് എസ്എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed