ബിജെപിയിൽ ഭിന്നതയില്ല, രാജഗോപാൽ പറഞ്ഞത് പരിശോധിക്കും: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കാർഷിക നിയമഭേദഗതിക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച സംസ്ഥാനത്തെ ഏക ബിജെപി എംഎൽഎ ഒ. രാജഗോപാലിന്‍റെ നടപടിയിൽ കൂടുതൽ പ്രതികരിക്കാതെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാജഗോപാൽ പറഞ്ഞതെന്തെന്നു പരിശോധിക്കും. രാജഗോപാലുമായി സംസാരിക്കും. അതിനുശേഷം പ്രതികരിക്കുമെന്നുമായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. ബിജെപിയിൽ ഭിന്നതയില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. നിയമസഭ പാസാക്കിയ കാർഷിക നിയമഭേദഗതിക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു രാജഗോപാൽ രംഗത്തെത്തിയതോടെയാണ് ബിജെപി വെട്ടിലായത്.

