കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ സംസ്ഥാനത്ത് 41 പേർ അറസ്റ്റിൽ
തിരുവനന്തപുരം: കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ സംസ്ഥാനത്ത് 41 പേർ അറസ്റ്റിൽ. ഡോക്‌ടർ ഉൾപ്പടെയാണ് ഓപ്പറേഷൻ പി ഹണ്ടിൽ അറസ്റ്റിലായത്. പിടികൂടിയവരിൽ ഭൂരിപക്ഷവും ഐ ടി ഉദ്യോഗസ്ഥരും വിദ്യാസന്പന്നരുമാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ഒരേസമയമാണ് 465 ഇടങ്ങളിലായി പരിശോധന നടന്നത്. 339 കേസുകൾ രജിസ്റ്റർ ചെയ്‌തു. ആറിനും പതിനഞ്ചിനും ഇടയിലുളള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എഡിജിപി മനോജ് എബ്രഹാം അറിയിച്ചു. ഓപ്പറേഷൻ പി ഹണ്ടിന്റെ ഈ വർഷത്തെ മൂന്നാം പതിപ്പാണ് ഇന്നലെ നടന്നത്. സംസ്ഥാന പൊലീസും സൈബർ ഡോമും ചേർന്ന് കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് നടത്തുന്ന സൈബർ ഓപ്പറേഷനാണ് ഓപ്പറേഷൻ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബർ കണ്ണികളെ തിരഞ്ഞാണ് പി ഹണ്ട് ആരംഭിച്ചത്.
