അലക്കി കൊണ്ടിരിക്കെ വീട്ടമ്മ അപ്രത്യക്ഷയായി: പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റിൽ

കണ്ണൂർ: വസ്ത്രം അലക്കികൊണ്ടിരിക്കെ പൊടുന്നനെ രൂപപ്പെട്ട കുഴിയിലൂടെ താഴേക്ക് പോയ വീട്ടമ്മയെ പിന്നീട് കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറ്റിൽ നിന്നും. കണ്ണൂരിലെ ഇരിക്കൂറിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഈ വിചിത്ര സംഭവം നടന്നത്. ഇരിക്കൂർ ആയിപ്പുഴയിൽ കെ.എ അയൂബിന്റെ ഭാര്യ 42കാരി ഉമൈബയ്ക്കാണ് ഈ പേടിപ്പെടുത്തുന്ന അനുഭവം ഉണ്ടായത്.
ഉമൈബ കിണറ്റിലേക്ക് വീഴുന്ന ശബ്ദം കേട്ടുവന്ന നാട്ടുകാർ ഇവരെ പെട്ടെന്നുതന്നെ രക്ഷപ്പെടുത്തിയതിനാൽ വലിയ പരിക്കുകൾ ഒന്നും കൂടാതെ വീട്ടമ്മയെ രക്ഷപ്പെടുത്താൻ സാധിച്ചു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ഉമൈബയെ പ്രവേശിപ്പിച്ചു. 25 കോൽ ആണ് വീട്ടമ്മ വീണ കിണറിന്റെ ആഴം. ഇവിടേക്കെത്തിയെ പൊലീസും ഫയർ ഫോഴ്‌സും നടത്തിയ പരിശോധനയിൽ ഉമൈബയുടെ വീട്ടിലെ കുഴിയിൽ നിന്നും അടുത്ത വീട്ടിലെ കിണറ്റിലേക്ക് ഒരു തുരങ്കം രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
സോയിൽ പൈപ്പിംഗ് എന്ന് പേരുള്ള പ്രതിഭാസമാണ് ഈ സംഭവത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിലെ മലയോര മേഖലകളിൽ അടുത്ത കാലങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏതായാലും സംഭവം നേരിട്ടുകണ്ട നാട്ടുകാരുടെ അന്പരപ്പ് ഇനിയും മാറിയിട്ടില്ല. സ്ഥലം ഇപ്പോൾ നിരീക്ഷണത്തിലാണ്.