ബിനീഷ് സിപിഎം നേതാവല്ല, ധാർമിക ഉത്തരവാദിത്തം പാർട്ടിക്കില്ല: എ. വിജയരാഘവൻ

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. പാർട്ടി സെക്രട്ടറിയുടെ മകന്റെ ധാർമിക ഉത്തരവാദിത്വം പാർട്ടിക്കില്ല. പാർട്ടി സെക്രട്ടറി എന്ന നിലയിൽ കോടിയേരി ബാലകൃഷ്ണൻ ഒരുതരത്തിലുള്ള നിയമവിരുദ്ധമായ പ്രവർത്തനത്തിലും ഏർപ്പെട്ടിട്ടില്ല. മാത്രമല്ല ആക്ഷേപം ഉയർന്നുവന്നപ്പോൾ തന്നെ കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയതാണ്. മകന്റെ തെറ്റിന്റെ ഉത്തരവാദിത്വം അച്ഛനിൽ കെട്ടിവയ്ക്കുന്ന നീതിബോധം പ്രതിപക്ഷം ഉണ്ടാക്കിവച്ചിരിക്കുന്നതാണ്. അത് അംഗീകരിക്കാനാകില്ലെന്നും എ. വിജയരാഘവൻ പറഞ്ഞു. ബിനീഷ് കോടിയേരി സിപിഐഎമ്മിന്റെ നേതാവല്ല. കോടിയേരി ബാലകൃഷ്ണനാണ് പാർട്ടി സെക്രട്ടറി. മകന് തെറ്റുവന്നാൽ അത് പാർട്ടിയുടേതല്ല. അത് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ല. സിപിഐഎമ്മിന് ഇതിൽ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.