ക്വാറന്റീന്‍ കഴിഞ്ഞ് ഭാര്യയെയും മക്കളെയും കാണാനെത്തിയ പ്രവാസി ഭാര്യാപിതാവിന്റെ കുത്തേറ്റ് മരിച്ചു


കോവളം: കുടുംബവഴക്കിനിടെ ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. വെട്ടുകാട് ടി.സി. 80/676 പുതുവിളാകം വീട്ടിൽ ലോറൻസിന്റെയും ഐറിന്റെയും മകൻ ലിജിൻ ലോറൻസ്(32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് കൊച്ചുവേളി ശംഭുവട്ടം ടി.സി. 90/645/1, റോസ് വില്ലയിൽ നിക്കോളാസ് ഗോമസിനെ(63) വലിയതുറ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കുവൈത്തിലായിരുന്ന ലിജിൻ, 20 ദിവസം മുന്പാണ് നാട്ടിലെത്തിയത്. നാലാഞ്ചിറയിലുള്ള സഹോദരന്റെ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു.

തുടർന്ന് വെള്ളിയാഴ്ച രാത്രി 9.30−ഓടെ സുഹൃത്തുക്കളുമായി ലിജിന് കൊച്ചുവേളി ശംഭുവട്ടത്തുള്ള അച്ഛനോടൊപ്പം താമസിക്കുന്ന ഭാര്യ നിഷയെയും മക്കളായ ആൻഡ്രിയ(7), അമീലിയ(ഒന്നര) എന്നിവരെയും കാണാനെത്തി. എന്നാൽ ലിജിനെ ഭാര്യയുടെ അച്ഛൻ വീട്ടിലേക്കു കയറ്റിയില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി.  ഇരുവരും വീടിനു പുറത്തേക്കുള്ള റോഡിനടുത്തെത്തി അടിപിടിയായതിനിടെ നിക്കോളാസ് 15 സെന്റീ മീറ്ററോളം നീളമുള്ള കറിക്കത്തിയെടുത്ത് ലിജിനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് വലിയതുറ പോലീസ് പറഞ്ഞു. നെഞ്ചിലും വയറിലും ആഴത്തിൽ കുത്തേറ്റ് രക്തം വാർന്നു കിടന്ന ലിജിനെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

വിദേശത്തായിരുന്ന നിക്കോളാസ് ഗോമസ് രണ്ടു മാസം മുന്പാണ് നാട്ടിലെത്തിയത്. എട്ടു വർഷം മുന്പായിരുന്നു നിക്കോളാസിന്റെ മകളായ നിഷയെ, ലിജിൻ വിവാഹം കഴിച്ചത്. കുടുംബപ്രശ്നങ്ങൾ കാരണം നിഷയുടെ വീട്ടുകാർ ലിജിനുമായുള്ള വിവാഹബന്ധം വേർപെടുത്താൻ കുടുംബക്കോടതിയിൽ കേസ് നൽകിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ലിജിന്റെ മൃതദേഹം വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിൽ സംസ്കരിച്ചു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed