മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയും സ്വപ്നയും തമ്മിലുള്ള ഇടപാട് ബിജെപി വ്യക്തമായി പറഞ്ഞിരുന്നുവെന്നും ഇത് അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് എൻഐഎ റിപ്പോർട്ട് എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് എൻഐഎ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് സുരേന്ദ്രൻ പ്രതികരിച്ചത്.
സ്വർണക്കടത്ത് കേസ് പുറത്തു വന്നതിന്‍റെ പിറ്റേന്ന് തന്നെ ഞങ്ങൾ ഇക്കാര്യം പറഞ്ഞിരുന്നു. ഇത് വളരെ ഗൗരവമേറിയ കാര്യമാണ്. സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം തെളിഞ്ഞു. മുഖ്യമന്ത്രി രാജി വച്ച് അന്വഷണം നേരിടണം. എങ്കിൽ മാത്രമേ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ സാധിക്കു. എൻഐഎ വിശ്യാസ്യതയുള്ള ഏജൻസിയാണ്. എൻഐഎയുടെ അന്വേഷണത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തതാണ്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് മുടന്തൻ ന്യായം പറയാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.


