പി.വി അൻവറിനെ വധിക്കാൻ ഗൂഢാലോചന: ആര്യാടൻ ഷൗക്കത്തിനെതിരെ കേസ്, കേസിൽ 3 ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ

മലപ്പുറം: പി.വി അൻവർ എംഎൽഎയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ആർഎസ്എസ് പ്രവർത്തകരായ വിപിൻ, ജിഷ്ണു, അഭിലാഷ്, എന്നിവരാണ് കസ്റ്റഡിയിലായത്. കണ്ണൂർ പഴയങ്ങാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, പി വി അൻവർ എംഎൽഎയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്, റീഗൾ എേസ്റ്ററ്റ് ഉടമ ജയ മുരുഗേഷ,് ഭർത്താവ് മുരുഗേഷ് നരേന്ദ്രൻ എന്നിവരുൾപ്പടെ 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
അൻവറിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ കസ്റ്റഡിയിലെടുത്തവരെ മലപ്പുറത്തേക്ക് കൊണ്ടുപോകും. സംഘത്തിലെ നാലാമനായ മഴൂർ സ്വദേശി ലിനീഷ് നാട്ടിലില്ലെന്നാണ് സൂചന. പയ്യന്നൂരിലെ സിപിഎം നേതാവായിരുന്ന ധൻരാജ് വധക്കേസിലെ രണ്ടാം പ്രതിയാണ് ഇപ്പോൾ കസ്റ്റഡിയിലായ വിപിൻ.