തൃശൂർ ജില്ലയിൽ കടുത്ത നിയന്ത്രണം: ഇരിങ്ങാലക്കുട നഗരസഭയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
തൃശൂർ: സന്പർക്ക രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ച പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ കടുത്ത നിയന്ത്രണം. രോഗവ്യാപനം ഉയർന്ന പശ്ചാത്തലത്തിൽ ഇരിങ്ങാലക്കുട നഗരസഭയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തൊട്ടടുത്തുള്ള മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ രണ്ടിടത്തും ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരും. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ദീർഘദൂര ബസുകൾ ഒഴികെ ഒരു വാഹനവും അനുവദിക്കില്ല. തൃശൂർ മാർക്കറ്റിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരും. തൃശൂരിൽ വ്യാഴാഴ്ച 83 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1024 ആയി ഉയർന്നിരുന്നു. ഇരിങ്ങാലക്കുടയിൽ ഇന്നലെ മാത്രം സന്പർക്കം വഴി രോഗം പകർന്നത് 28 പേർക്കാണ്. ഇതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. കോവിഡ് വ്യാപനം തടയാൻ തൃശൂർ നഗരത്തിലെ തട്ടുകടകൾ അടപ്പിച്ചു. എല്ലാത്തരം വഴിയോര കച്ചവടവും അവസാനിപ്പിച്ചിരുന്നു. കച്ചവടം ഒരാഴ്ചത്തേക്കു നിർത്തിവയ്ക്കാനാണു കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.


