നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ട്; പ്രതിപക്ഷ നേതാവിന്റെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹൃസ്വകാല ജോലികൾക്കായി നിയമിക്കുന്ന കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ യോഗ്യതയിൽ അടക്കം സംശയം ഉണ്ടായാൽ കരാർ ജോലിക്കാരുടെ സേവനം അവസാനിപ്പിക്കാനും ആവശ്യമെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കാന്‍ സർക്കാർ മടിക്കില്ലെന്നും പ്രതിപക്ഷ നേതാവിന്റെ കത്തിന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
പിഎസ്സിയെ നോക്കുകുത്തിയാക്കി സർക്കാർ കരാർ നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും നടത്തുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകിയത്. കത്തിൽ ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കത്തിലെ ഓരോ ആരോപണങ്ങള്‍ക്കും അക്കമിട്ട് മറുപടി നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി. എൽഡിഎഫ് കാലത്തെയും യുഡിഎഫ് കാലത്തെയും നിയമനങ്ങളുടെ കണക്കുകൾ താരതമ്യം ചെയ്താണ് മറുപടി ആരംഭിക്കുന്നത്.
2016ൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2020 ഏപ്രിൽ 30 വരെ പബ്ലിക് സർവ്വീസ് കമ്മീഷൻ വഴി 1,33,132 ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. മുൻ യുഡിഎഫ് സർക്കാർ നാലുവർഷം പിന്നിട്ടപ്പോൾ 1,23,104 പേർക്ക് മാത്രമാണ് പിഎസ്സി വഴി നിയമനം നൽകിയിട്ടുള്ളതെന്നും മുഖ്യമന്ത്രി കണക്കുകൾ നിരത്തി പറയുന്നു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉള്ളതിനേക്കാൾ മൂന്നിരട്ടി കരാർ, ദിവസ വേതന ജീവനക്കാർ യുഡിഎഫ് കാലത്ത് ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കണക്കുകൾ നിരത്തി മറുപടിയിൽ നൽകുന്നു. ഹൃസ്വകാല ജോലികൾക്കായി നിയമിക്കപ്പെട്ടവരെ സ്ഥിരപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


