പൂന്തുറയിൽ സൂപ്പർ സ്പ്രെഡ് 64 പേരിൽ 60 പേർക്കും കോവിഡ് ബാധ സന്പർക്കം വഴി


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ച 64 പേരിൽ 60 പേർക്കും രോഗം ബാധിച്ചതു സന്പർക്കം വഴി. പൂന്തുറയിൽ രോഗവ്യാപനം അതീവഗുരുതരമാണെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു. ഇവിടെ ഒരാളിൽനിന്ന് ധാരാളം പേരിലേക്ക് രോഗം വ്യാപിച്ചുവെന്നും സൂപ്പർ സ്പ്രെഡാണെന്നും മേയർ പറഞ്ഞു. ഒരാളിൽനിന്ന് കൂടുതൽ ആളുകളിലേക്ക് രോഗ ബാധയുണ്ടായ സാഹചര്യത്തെയാണ് സൂപ്പർ സ്പ്രെഡ് എന്ന് വിശേഷിപ്പിക്കുന്നത്. 

മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണു കോവിഡ് പടർന്നുപിടിക്കുന്നത്. അസാധാരണമായ ക്ലസ്റ്റർ ഈ പ്രദേശത്ത് രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. രോഗം അതിവേഗം പടർന്ന് പിടിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. എല്ലാതരം പ്രായപരിധിയിലും പെട്ട ആളുകളിലേക്ക് രോഗബാധ ഉണ്ടായിട്ടുണ്ടെന്നും കണ്ടെത്തി. പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ കർശനമായ രീതിയിൽ ട്രിപ്പിൾ ലോക്ഡൗണ്‍ നടപ്പാക്കാനാണു നിർദേശം. ഇവിടെ സ്പെഷൽ ഡ്യൂട്ടിക്കായി എസ്എപി കമൻഡാന്‍റ് ഇൻ ചാർജ് എൽ. സോളമന്‍റെ നേതൃത്വത്തിൽ 25 കമാൻഡോകളെ നിയോഗിച്ചു.

പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്സ്മെന്‍റ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പുറത്തുനിന്ന് ആളുകൾ പൂന്തുറയിലേക്ക് എത്തുന്നത് കർക്കശമായി തടയും. അതിർത്തികൾ അടച്ചിടും. പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകും. കൂടുതൽ ആളുകൾക്കു പരിശോധന നടത്തും. സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള ബോധവത്കരണം നടത്തുന്നതിനു സാമുദായിക നേതാക്കൻമാർ ഉൾപ്പെടെയുള്ളവരുടെ സഹായം തേടുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed