സ്വർണക്കടത്ത് കേസ്; തെറ്റ് ചെയ്തവർ ആരായാലും രക്ഷപ്പെടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകപരമായ നിയമനടപടിക്ക് വിധേയമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെറ്റ് ചെയ്തവർ ആരായിരുന്നാലും രക്ഷപ്പെടാൻ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് ഗവൺമെന്റ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ആർക്കും എൽഡിഎഫിന്റെയോ ഗവൺമെന്റിന്റെയോ ഒരു സഹായവും ലഭിക്കുകയില്ല. ഇതു സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങൾക്ക് യാതോരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങൾ മാത്രമാണ്. ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്ര ഏജൻസിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷ എന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

