ഒാൺലൈൻ ക്ലാസ്: കേരളത്തെ അഭിനന്ദിച്ച് ഐഎസ്ആർഒ ചെയർമാൻ
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾക്ക് ഐഎസ്ആർഒയുടെ അഭിനന്ദനം. കോവിഡിനെതിരെ കേരളം നടത്തിയ അനിതരസാധാരണ ചുവടുവയ്പുകളിൽ ഏറെ പ്രധാനപ്പെട്ടതാണ് ഓൺലൈൻ ക്ലാസുകളെന്നും എഡ്യൂസാറ്റ് ഉപഗ്രഹത്തെ പ്രയോജനപ്പെടുത്തി കേരളം നടത്തിയ ചുവടുവയ്പ്പിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ അഭിപ്രായപ്പെട്ടു.
ഓൺലൈൻ അധ്യയനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിന്റെ ജനാധിപത്യപരമായ വിതരണമെന്ന നിലയിൽ എല്ലാ വിദ്യാർഥികൾക്കും തുല്യാവസരത്തിന് ഇതു വഴിയൊരുക്കുമെന്നും വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി) ഡയറക്ടർ എസ്. സോമനാഥ് പറഞ്ഞു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രസിദ്ധീകരണമായ സമകാലിക ജനപഥം മാസികയുടെ ജൂണ്‍ ലക്കത്തിൽ ഏഴുതിയ ലേഖനങ്ങളിലാണ് ഇരുവരുടെയും വിലയിരുത്തൽ. ഐഎസ്ആർഒയുടെ എഡ്യൂസാറ്റ് ഉപഗ്രഹത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും കേരളം അതു വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും കോവിഡാനന്തര കാലഘട്ടത്തിലെ സഹകരണസാധ്യതകളെ കുറിച്ചും ഇരുവരും വിശദീകരിക്കുന്നുണ്ട്.

